| Thursday, 5th November 2026, 7:53 am

പോണ്ടിങ്ങും ബാബറും വാഴുന്ന സിംഹാസനത്തില്‍ കിങ്ങിന്റെ മാസ് എന്‍ട്രി; ഇവര്‍ ന്യൂസിലാന്‍ഡ് വാഴും!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ കിവീസിനെ 42.2 ഓവറില്‍ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടുതവണ മഴ വില്ലനായപ്പോള്‍ വിജയ ലക്ഷ്യം 32 ഓവറില്‍ 143 റണ്‍സായി ചുരുക്കുകയും 22.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയുമായിരുന്നു.

വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 51 പന്തില്‍ 13 ഫോറും ഒരു സിക്‌സറുമടക്കം 74 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. 145.10 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. നേരിട്ട 35ാം പന്തിലാണ് വിരാട് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇത് താരത്തിന്റെ 80ാം ഏകദിന ഫിഫ്റ്റിയാണ്.

ഇതോടെ ഒരു മിന്നും നേട്ടത്തിലെത്താനും വിരാടിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. ഈ റെക്കോഡ് ലിസ്റ്റില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനും ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനുമൊപ്പമാണ് വിരാട് സ്ഥാനം പിടിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരങ്ങള്‍

വിരാട് കോഹ്‌ലി (ഇന്ത്യ) – 27* (63 ഇന്നിങ്‌സ്)

ബാബര്‍ അസം (പാകിസ്ഥാന്‍) – 27 (74)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 27 (77)

ജോ റൂട്ട് (ഇംഗ്ലണ്ട്) – 26 (77)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 25 (80)

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 24 (76)

മത്സരത്തിന്റെ ആദ്യ ഓവറിന്റെ അവസാന പന്തില്‍ രോഹിത് ശര്‍മ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. പിന്നീട് ശുഭ്മന്‍ ഗില്ലിനെ കൂട്ടുപിടിച്ച് വിരാട് കോഹ്‌ലി രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഗില്‍ 56 പന്തില്‍ 37 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

അതേസമയം അവസാന വിക്കറ്റില്‍ നാല് സിക്സറും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് നേടിയ ബ്ലെയിര്‍ തിക്‌നറാണ് കിവീസിനെ മുന്നോട്ട് കൊണ്ടുപോയത്. 38 റണ്‍സ് നേടിയ ടിം സീഫേര്‍ട്ട്, 30 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സ്, 28 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ എന്നിവര്‍ കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്.

ഇന്ത്യയുടെ മികച്ച ബൗളിങ് പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാന്‍ഡിനെ തകര്‍ക്കാന്‍ സാധിച്ചത്. അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. മൂന്ന് വിക്കറ്റ് നേടി ഗുര്‍ണൂര്‍ ബ്രാറും രണ്ട് വിക്കറ്റ് നേടി അന്‍ഷുല്‍ കാംബോജും തിളങ്ങി. മത്സരത്തിലെ താരവും കാംബോജ് ആയിരുന്നു.

Content Highlight: Virat Kohli becomes the player with the most 50+ scores against New Zealand in international cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more