സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ ത്രില്ലര്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി.
വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിരാട് 120 പന്ത് നേരിട്ട് 135 റണ്‍സ് നേടി. രോഹിത് ശര്‍മ, ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ നിരയില്‍ കരുത്തിയായി.
11 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്. ഇതോടെ ഒരു ചരിത്ര നേട്ടവും വിരാട് സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ 1,500 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന ഐതിഹാസിക നേട്ടമാണ് കിങ് കോഹ്‌ലിയുടെ പേരില്‍ കുറിക്കപ്പെട്ടത്.
സെഞ്ച്വറി നേടിയ വിരാടിന്‍റെ ആവേശം. Photo: BCCI/ x.com
ഏകദിന ഫോര്‍മാറ്റില്‍ വിരാട് 1,343 തവണ ഫോറും 159 സിക്‌സറുകളും അടിച്ചെടുത്തിട്ടുണ്ട്. 1,502 തവണയാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പുറപ്പെട്ട പന്ത് അതിര്‍ത്തി വര കടന്നത്.
ഏകദിന ചരിത്രത്തില്‍ 1500 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത് മാത്രം താരമാണ് വിരാട്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സനത് ജയസൂര്യയുമാണ് വിരാടിന് മുമ്പിലുള്ളത്.
(താരം – ടീം – ആകെ ഫോര്‍ – ആകെ സിക്‌സര്‍ – ആകെ ബൗണ്ടറികള്‍ എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 2,016 – 195 – 2,211
സനത് ജയസൂര്യ – ശ്രീലങ്ക | ഏഷ്യ – 1,500 – 270 – 1,770
വിരാട് കോഹ്ലി – ഇന്ത്യ – 1,343 – 159 – 1,502
കുമാര്‍ സംഗക്കാര – ശ്രീലങ്ക | ഏഷ്യ | ഐ.സി.സി – 1,385 – 88 – 1,473
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് | ഐ.സി.സി – 1,128 – 331 – 1,459
രോഹിത് ശര്‍മ – ഇന്ത്യ – 1,071 – 352 – 1,423
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ | ഐ.സി.സി – 1,231 – 162 – 1,393
വിരാട് കോഹ്ലി. Photo: BCCI/ x.com
അതേസമയം, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ മൂന്ന് പരമ്പരകളുടെ ഏകദിനത്തില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം, ആദ്യ മത്സരം പരാജയപ്പെട്ട സന്ദര്‍ശകര്‍ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
Content Highlight: Virat Kohli becomes the 3rd batter to complete 1500 boundaries in ODI