| Monday, 1st December 2025, 5:11 pm

7000 സെഞ്ച്വറിയില്‍ തലയെടുപ്പോടെ ഇതിഹാസവും 'രാജാവും'; ചരിത്രത്തില്‍ ഇന്ത്യന്‍ ആധിപത്യത്തിന്റെ മറ്റൊരു റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ പ്രോട്ടിയാസിനെതിരെ 350 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332ന് പുറത്താവുകയായിരുന്നു.

വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ സംഘം മികച്ച സ്‌കോറിലെത്തിയതും പിന്നീട് വിജയിച്ചതും.

മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ വിരാടിന്റെ 52ാം സെഞ്ച്വറിയാണിത്.

ഇതിനെല്ലാം പുറമെ വിരാടിന്റെ സെഞ്ച്വറിയോടെ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7000 സെഞ്ച്വറിയും പിറന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 7000 സെഞ്ച്വറികള്‍ക്ക് പിന്നിലും കൗതുകമുള്ള കണക്കുകളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ 7000 സെഞ്ച്വറിയില്‍ ഏറ്റവും കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കിയ രണ്ടാമാത്തെ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലിയെന്നത് എടുത്ത് പറയേണ്ടതാണ്. ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ 7000 സെഞ്ച്വറിയില്‍ ഏറ്റവും കൂടുതല്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കിയ താരങ്ങള്‍, ശതമാനം എന്ന ക്രമത്തില്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 1.43

വിരാട് കോഹ്‌ലി (ഇന്ത്യ) – 1.19

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 1.01

കുമാര്‍ സംഗക്കാര (ശ്രീലങ്ക) – 0.90

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) -0.89

വാരാട് കോഹ്ലി Photo: BCCI/x.com

മത്സരത്തില്‍ കോഹ്‌ലിയ്ക്ക് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 56 പന്തില്‍ 60 റണ്‍സായിരുന്നു നേടിയത്. രോഹിത് 51 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.

അതേസമയം, ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. റാഞ്ചിയില്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ റായ്പൂരിലും വിജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ആദ്യ മത്സരം പരാജയപ്പെട്ട പ്രോട്ടിയാസിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.

Content Highlight: Virat Kohli becomes second player with most century contributions in international cricket (Percentage)

We use cookies to give you the best possible experience. Learn more