| Wednesday, 24th December 2025, 10:01 pm

പതിനായിരം മുതല്‍ 16,000 വരെ ഒന്നാമന്‍ ഒരാള്‍ മാത്രം... രണ്ടാമന്‍മാര്‍ സച്ചിന്‍ മുതല്‍ ഡി വില്ലിയേഴ്‌സ് വരെ

ആദര്‍ശ് എം.കെ.

നാളുകള്‍ക്ക് ശേഷം വിജയ് ഹസാരെ ട്രോഫിയിലേക്ക് മടങ്ങിയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ ചരിത്രം തിരുത്തിയെഴുതിയാണ് വിരാട് കോഹ്‌ലി മുന്നേറുന്നത്. ഒന്നിന് പിന്നാലെ ഒന്നായി റെക്കോഡുകള്‍ സ്വന്തമാക്കിയും തിരുത്തിയും മുന്നേറുന്ന വിരാട് ലിസ്റ്റ് എ ഫോര്‍മാറ്റിലെ ഒരു പുത്തന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

വിജയ് ഹസാരെയില്‍ ആന്ധ്രാപ്രദേശിനെതിരെ ഒരു റണ്‍സ് നേടിയതിന് പിന്നാലെ ലിസ്റ്റ് എ ഫോര്‍മാറ്റില്‍ 16,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാന്‍ വിരാടിന് സാധിച്ചു. ഈ നേട്ടത്തിലെത്തുന്ന ഒമ്പതാം താരവും രണ്ടാം ഇന്ത്യന്‍ താരവുമാണ് വിരാട്.

ഗ്രഹാം ഗൂച്ച് (ഇംഗ്ലണ്ട്), ഗ്രെയം ഹിക്ക് (ഇംഗ്ലണ്ട്), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ), കുമാര്‍ സംഗക്കാര (ശ്രീലങ്ക), വിവ് റിച്ചാര്‍ഡ്സ് (വെസ്റ്റ് ഇന്‍ഡീസ്), റിക്കി പോണ്ടിങ് (ഓസ്ട്രേലിയ), ഗോര്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്), സനത് ജയസൂര്യ (ശ്രീലങ്ക) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

കരിയറിലെ 330ാം ഇന്നിങ്‌സില്‍ 16,000 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ട വിരാട്, ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടന്നുകൊണ്ടാണ് വിരാട് ഈ നേട്ടത്തിലെത്തിയത്.

എന്നാല്‍ കേവലം 16,000 റണ്‍സ് മാര്‍ക്കില്‍ മാത്രമല്ല, പതിനായിരം മുതല്‍ ഇങ്ങോട്ടുള്ള ഓരോ ആയിരങ്ങളിലും വിരാട് തന്നെയായിരുന്നു ഒന്നാമന്‍.

കരിയറിലെ 219ാം ഇന്നിങ്‌സില്‍ 10,000 ലിസ്റ്റ് എ റണ്‍സ് പൂര്‍ത്തിയാക്കിയ വിരാട് മറികടന്നത് ക്രിക്കറ്റ് ലെജന്‍ഡ് എബ്രഹാം ബെഞ്ചമിന്‍ ഡി വില്ലിയേഴ്‌സ് എന്ന എ.ബി. ഡി വില്ലിയേഴ്‌സിന്റെ റെക്കോഡാണ്. തന്റെ കരിയറിലെ 225ാം ഇന്നിങ്‌സിലാണ് ഡി വില്ലിയേഴ്‌സ് 10,000 ലിസ്റ്റ് എ റണ്‍സ് നേടിയത്.

11,000 ലിസ്റ്റ് എ റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴും ഡി വില്ലിയേഴ്‌സിനെ തന്നെയാണ് വിരാട് മറികടന്നത്. 248ാം ഇന്നിങ്‌സില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ഡി വില്ലിയേഴ്‌സ് പട്ടികയില്‍ രണ്ടാമതെത്തിയത്. തുടര്‍ന്ന് ഓരോ നാഴികക്കല്ലിലും ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരെയും വിരാട് മറികടന്നു.

വിരാടും ഡി വില്ലിയേഴ്സും. Photo: x.com

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ ഓരോ നാഴികക്കല്ലുകള്‍ പിന്നിടുന്ന താരം

(റണ്‍സ് – താരം – രണ്ടാമന്‍ എന്നീ ക്രമത്തില്‍, ബ്രാക്കറ്റുകളില്‍ ഇന്നിങ്‌സ്)

10,000 റണ്‍സ് – വിരാട് കോഹ്‌ലി (219) – എ.ബി ഡി വില്ലിയേഴ്‌സ് (225)

11,000 റണ്‍സ് – വിരാട് കോഹ്‌ലി (233) – എ.ബി. ഡി വില്ലിയേഴ്‌സ് (248)

12,000 റണ്‍സ് – വിരാട് കോഹ്‌ലി (248) – ശിഖര്‍ ധവാന്‍ (293)

13,000 റണ്‍സ് – വിരാട് കോഹ്‌ലി (266) – രോഹിത് ശര്‍മ (322)

14,000 റണ്‍സ് – വിരാട് കോഹ്‌ലി (290) – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (348)

15,000 റണ്‍സ് – വിരാട് കോഹ്‌ലി (310) – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (373)

16,000 റണ്‍സ് – വിരാട് കോഹ്‌ലി (330) – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (391)

അന്താരാഷ്ട്ര ഏകദിനത്തില്‍ 296 ഇന്നിങ്സില്‍ നിന്നും 14,557 റണ്‍സ് നേടിയ വിരാട് ലിസ്റ്റ് എ-യില്‍ 330 ഇന്നിങ്സില്‍ നിന്നും നിലവില്‍ 16,130 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 57.60 ശരാശരിയില്‍ ബാറ്റ് വീശുന്ന വിരാട് 58 സെഞ്ച്വറിയും 84 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എ ഫോര്‍മാറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Virat Kohli becomes fastest to reach 10,000-16,000 runs in List A format

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more