സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. റാഞ്ചിയില്‍ ഇന്ത്യ പ്രോട്ടിയാസിനെതിരെ 350 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 332ന് പുറത്താവുകയായിരുന്നു.
വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്തി. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യന്‍ സംഘം മികച്ച സ്‌കോറിലെത്തിയതും പിന്നീട് വിജയിച്ചതും.
വിരാട് കോഹ്‌ലി സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിനിടെ Photo: BCCI/X.com
മത്സരത്തില്‍ കോഹ്‌ലി 120 പന്തില്‍ 135 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതോടെ റാഞ്ചിയില്‍ 500 റണ്‍സ് നേടാന്‍ താരത്തിന് സാധിച്ചിരുന്നു. നിലവില്‍ ഈ ഗ്രൗണ്ടില്‍ മുന്‍ നായകന് 173.0 ശരാശരിയില്‍ 519 റണ്‍സുണ്ട്.
83ാം സെഞ്ച്വറിയും റാഞ്ചിയിലെ 500 റണ്‍സിനും ഒപ്പം കോഹ്ലി മറ്റൊരു റെക്കോഡും സ്വന്തമാക്കി. ആറ് വ്യത്യസ്ത വേദികളില്‍ 500+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് റെക്കോഡുകളുടെ തോഴന്‍ സ്വന്തം ഷെല്‍ഫിലെത്തിച്ചത്. ഇന്ത്യയിലെ മൂന്ന് വേദികളിലും ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ ഓരോ വേദിയിലുമാണ് താരം 500 റണ്‍സിലധകം സ്‌കോര്‍ ചെയ്തത്.
ധാക്ക (ബംഗ്ലാദേശ്) – 800
കൊളംബോ (ശ്രീലങ്ക) – 702
വിശാഖപ്പട്ടണം (ഇന്ത്യ) – 587
ട്രിനിഡാഡ് (വെസ്റ്റ് ഇന്‍ഡീസ്) – 571
പൂനെ (ഇന്ത്യ) – 551
റാഞ്ചി (ഇന്ത്യ) – 519
വിരാട് കോഹ്‌ലി – 6*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5
സൗരവ് ഗാംഗുലി – 4
മുഹമ്മദ് അസറുദ്ദിന്‍ – 3
രോഹിത് ശർമ സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിനിടെ Photo: BCCI/x.com
കോഹ്‌ലിയ്ക്ക് പുറമെ, കെ.എല്‍ രാഹുലും രോഹിത് ശര്‍മയും മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. രാഹുല്‍ 56 പന്തില്‍ 60 റണ്‍സും രോഹിത് 51 പന്തില്‍ 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം ജഡേജ 20 പന്തില്‍ 32 റണ്‍സും സംഭാവന ചെയ്തു.
Content Highlight: Virat Kohli become first ever player to score 500+ ODI runs at 6 different Venues