| Saturday, 25th April 2026, 9:20 am

ലോകം കീഴടക്കി കിങ്; ചരിത്രത്തില്‍ മറ്റൊരുത്തനും ഇല്ലാ റെക്കോഡില്‍ വിരാടല്ലാതെ മറ്റാര്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ചാം ജയം. സ്വന്തം തട്ടകത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ബെംഗളൂരു തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ബെംഗളൂരു.

വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബെംഗളൂരിന് സാധിച്ചു. നിലവില്‍ ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയവും രണ്ട് തോല്‍വിയുമുള്‍പ്പെടെ 10 പോയിന്റാണ് ബെംഗളൂരുവിന്റെ പക്കലുള്ളത്.

വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍സിബിയുടെ വിജയം. 44 പന്തില്‍ 81 റണ്‍സ് നേടിയാണ് കോഹ്‌ലി തിളങ്ങിയത്. എട്ട് ഫോറുകളും നാല് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ്.

ഇതോടെ ഒരു വമ്പന്‍ റെക്കോഡാണ് വിരാട് കോഹ്‌ലി കുറിച്ചിരിക്കുന്നത്. ടി-20യില്‍ ഒരു രാജ്യത്തില്‍ നിന്ന് മാത്രമായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ താരമാകാനാണ് വിരാടിന് സാധിച്ചത്. മറ്റാര്‍ക്കും ഇന്നേവരെ ഈ തകര്‍പ്പന്‍ നാഴികക്കല്ലിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗുജറാത്തിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ 49 റണ്‍സായിരുന്നു കിങ്ങിന് ഈ നേട്ടത്തിലെത്താന്‍ വേണ്ടിയിരുന്നത്. രാജ്യത്ത് നിന്ന് 291 മത്സരങ്ങളില്‍ നിന്ന് 10032 റണ്‍സാണ് നിലവില്‍ വിരാടിന്റെ പേരിലുള്ളത്.

ഇന്ത്യ, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് വിരാട് രാജ്യത്ത് നിന്ന് സ്‌കോര്‍ നേടിയത്.

ഈ നേട്ടത്തില്‍ പിന്നിലുള്ള രോഹികത് ശര്‍മ 319 മത്സരങ്ങളില്‍ നിന്ന് 8563 റണ്‍സാണ് നേടിയത്. മൂന്നാമനായ ശിഖര്‍ ധവാന്‍ 253 മത്സരത്തില്‍ നിന്ന് 7626 റണ്‍സുമാണ് നേടിയത്. മറ്റൊരു രാജ്യത്തുനിന്നുമുള്ള താരങ്ങള്‍ക്ക് 8000 റണ്‍സിനടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ല.

അതേസമയം മത്സരത്തില്‍ 27 പന്തില്‍ രണ്ട് ഫോറും ആറ് കൂറ്റന്‍ സിക്‌സുമുള്‍പ്പെടെ 55 റണ്‍സാണ് പടിക്കല്‍ നേടിയത്. സൂപ്പര്‍ സിക്‌സ് അവാര്‍ഡും താരത്തിനായിരുന്നു. 203.70 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 58 പന്തില്‍ 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഐ.പി.എല്ലിലെ സായ് സുദര്‍ശന്റെ മൂന്നാം സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 34 റണ്‍സും ജോസ് ബട്‌ലര്‍ 25 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 23 റണ്‍സും നേടി.

ആര്‍.സി.ബിബൗളിങ്ങില്‍ സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, റാഷിക് സലാം എന്നിവര്‍ ഓരോ വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഏപ്രില്‍ 30ന് ഇരുടീമുകളും വീണ്ടും നേര്‍ക്കുനേര്‍ എത്തും. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് മത്സരം.

Content Highlight: Virat Kohli became the first player in the world to complete 10,000 runs in T20Is for only one country

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more