| Sunday, 27th September 2026, 11:34 am

ഇന്ത്യക്കായി കളിക്കുന്ന അവസാന പോരാട്ടം; മനസ് തുറന്ന് കോഹ്‌ലി

അഞ്ജലി പി.കെ.

2027 ലെ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കായുള്ള തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്‌ലി. ടി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഇപ്പോൾ ഏകദിന പരമ്പരയിൽ മാത്രമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ജിയോസ്റ്റാറിനോട് സംസാരിക്കുകയിരുന്നു കോഹ്‌ലി.

‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കായി ഞാൻ കളിക്കുന്ന അവസാന ലോകകപ്പാണ് 2027 ലേത്. എന്റെ സർവ്വസ്വവും കളിക്കളത്തിൽ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പ് വിജയിക്കുക എന്നത് തന്നെയാണ് ലക്ഷ്യം, അതിനായി എന്ത് ചെയ്യാനും ഞാൻ പൂർണ്ണ സജ്ജനാണ്.

മറ്റെന്തിനേക്കാളും കഠിനമാണ് 50 ഓവർ ലോകകപ്പ്. ഒരൊറ്റ ദിവസം കൊണ്ട് രണ്ടര (2.5) ടി-20 മത്സരങ്ങൾക്ക് തുല്യമായ അധ്വാനമാണ് ഒരു ഏകദിനത്തിൽ വേണ്ടിവരുന്നത്. വിദേശ മണ്ണിലെ സാഹചര്യങ്ങളിൽ 10 മത്സരങ്ങളിലുടനീളം ഈയൊരു തീവ്രത നിലനിർത്തുക എന്നത് എളുപ്പമല്ല,’ കോഹ്‌ലി വ്യക്തമാക്കി.

2023 ഏകദിന ലോകകപ്പിൽ വിരാട് കോഹ്‌ലി 11 മത്സരങ്ങളിൽ നിന്നായി 95.62 എന്ന മികച്ച ബാറ്റിങ് ആവറേജിലും 90.32 സ്‌ട്രൈക്ക് റേറ്റിലും മൊത്തം 765 റൺസ് അടിച്ചുകൂട്ടി. ഒരു സിംഗിൾ ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന സച്ചിൻ ടെണ്ടുൽക്കർ ചരിത്ര റെക്കോർഡ് ഈ ടൂർണമെന്റിലൂടെ കോഹ്‌ലി മറികടകുകയും ചെയ്തു.

വിരാട് കോഹ്‌ലി

നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുവേണ്ടി ഒരുങ്ങുകയാണ് താരം. ഈ ആവേശപ്പോരാട്ടത്തിൽ കോഹ്‌ലിയും രോഹിത് ശർമയും ഉൾപ്പെടുന്നത് ആരാധകർക്ക് ഏറെ ആവേശം പകരുന്നതാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനപരമ്പരയിലെ ആദ്യമത്സരം ഇന്ന് (സെപ്റ്റംബർ 27) തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബര്‍ 3 ന് ന്യൂ ചണ്ഡീഗഢ് മഹാരാജ യാദവീന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

Content Highlights : Virat Kohli annonce his retairment after 2027 world cup

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more