| Friday, 13th March 2026, 8:33 pm

2024ല്‍ വിരാട്, 2026ല്‍ സഞ്ജുവും; ലോകകപ്പിനിടെ ഇന്‍സ്റ്റഗ്രാമിന് തീയിട്ട് കിങ്ങും ചേട്ടനും!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തി ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന പട്ടവും നീലപ്പട തങ്ങളുടെ പേരില്‍ ചാര്‍ത്തി.

ഇന്ത്യയുടെ മൂന്നാം കിരീടം മലയാളികള്‍ക്ക് ഏറെ സ്‌പെഷ്യലാണ്. അതിന് കാരണം സഞ്ജു സാംസണ്‍ എന്ന അവരുടെ ചേട്ടനും! ടീമിലെ സ്ഥാനം നഷ്ടമായി, പിന്നീട് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തിയ താരം ഇന്ത്യയെ ചിറകിലേറ്റി വിജയിപ്പിച്ചത് തെല്ലൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്.

സഞ്ജു സാംസൺ 2026 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീമിനൊപ്പം. Photo: BCCI/x.com

ഫൈനല്‍ അവസാനിച്ച് ദിവസങ്ങള്‍ പിന്നിട്ടും ഇതിന്റെ അലയൊലികള്‍ ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. അതിനാല്‍ തന്നെ സഞ്ജുവും മറ്റ് ഇന്ത്യന്‍ താരങ്ങളും ഒന്നിച്ച് നേടിക്കൊടുത്ത ലോകകപ്പിലെ ഓരോ നിമിഷങ്ങളെയും ഇവര്‍ വലിയ ആവേശത്തോടെയാണ് നോക്കികാണുന്നതും മനസില്‍ സൂക്ഷിക്കുന്നതും.

സഞ്ജു ഇപ്പോള്‍ മലയാളികള്‍ക്ക് മാത്രമല്ല, ലോകത്തിലെ വലിയൊരു വിഭാഗം ക്രിക്കറ്റ് പ്രേമികളുടെ തന്നെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. അതിന് തെളിവാണ് ലോകത്തിന്റെ പല കോണില്‍ നിന്ന് താരത്തിന് ലഭിക്കുന്ന പ്രശംസകള്‍. വലിയ പ്രകടനങ്ങള്‍ കാഴ്ചവെക്കാതിരുന്നപ്പോഴും ഉറച്ച സഞ്ജുവിനെ പിന്തുണച്ചവര്‍ക്ക് വലിയ സന്തോഷമാണ് ഇത് നല്‍കുന്നത്.

ഇതിനൊപ്പം സഞ്ജുവിന്റെ ആരാധകരെ സന്തോഷിപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ഈ ലോകകപ്പില്‍ ഏറ്റവും ലൈക്ക് ലഭിച്ച ഫോട്ടോ സഞ്ജുവിന്റേതാണ് എന്നതാണിത്. സൂപ്പര്‍ 8 ലെ അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചതിന് ശേഷം സഞ്ജു ഗ്രൗണ്ടില്‍ മുട്ടുകുത്തി ഇരുന്നിരുന്നു.

വിന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സെടുത്ത് ടീമിന് വിജയം സമ്മാനിച്ചതിന് ശേഷമായിരുന്ന ഇത്. ഈ ഫോട്ടോയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചത് 18.3 മില്യണ്‍ ലൈക്കാണ്. ഒപ്പം 253k കമന്റും ഈ പോസ്റ്റിനുണ്ട്.

ഇത്ര ലൈക്ക് നേടിയെങ്കിലും 2024 ലോകകപ്പില്‍ വിരാട് കോഹ്‌ലിയ്ക്ക് ലഭിച്ചത്ര ലൈക്ക് സഞ്ജുവിന് നേടാനായിട്ടില്ല. വിരാടിന്റെ പോസ്റ്റിന് 23 മില്യണ്‍ ലൈക്കായിരുന്നു ലഭിച്ചായിരുന്നത്. ഇന്ത്യ പോഡിയത്തില്‍ നിന്ന് കിരീടം വാങ്ങുന്ന ഫോട്ടോയായിരുന്നു വിരാട് പോസ്റ്റ് ചെയ്തിരുന്നത്.

Content Highlight: Virat Kohli and Sanju Samson own the most liked posts from the 2024 and 2026 T20 World Cups

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more