സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ പ്രോട്ടിയാസിനെതിരെ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുന്‍ നായകന്‍മാരായ വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും മികച്ച പ്രകടനത്തിലാണ് മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.
വിരാട് സെഞ്ച്വറിയുമായി കളം നിറഞ്ഞാടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് രോഹിത് തിളങ്ങിയത്.
വിരാട് കോഹ്‌ലി & രോഹിത് ശര്‍മ | Photo: BCCI
ടീം സ്‌കോര്‍ 25ല്‍ നില്‍ക്കവെ യശസ്വി ജെയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി വണ്‍ ഡൗണായി കളത്തിലെത്തിയത്. രണ്ടാം വിക്കറ്റില്‍ 136 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.
22ാം ഓവറിലെ രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മയെ പുറത്താക്കി മാര്‍കോ യാന്‍സെനാണ് കൂട്ടുകെട്ട് പൊളിച്ചത്. 51 പന്തില്‍ 57 റണ്‍സുമായി തിളങ്ങിയ ഹിറ്റ്മാനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു പുറത്താക്കിയത്.
എന്നാല്‍ പുറത്താകും മുമ്പേ വിരാടിനൊപ്പം ഒരു ചരിത്ര നേട്ടം താരം തന്റെ പേരിലാക്കിയിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന മത്സരങ്ങളില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന ബാറ്റിങ് പെയറെന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.
ഇന്ത്യന്‍ മണ്ണില്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ 2,667 ഏകദിന റണ്‍സാണ് പിറവിയെടുത്തത്. ഇതിഹാസങ്ങളായ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന എന്നിവരുടെ റെക്കോഡ് ഇതോടെ പഴങ്കഥയായി.
(താരങ്ങള്‍ – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി & രോഹിത് ശര്‍മ – ഇന്ത്യ – 41 – 2,667*
കുമാര്‍ സംഗക്കാര & മഹേല ജയവര്‍ധനെ – ശ്രീലങ്ക – 57 – 2,596
ഒയിന്‍ മോര്‍ഗന്‍ & ജോ റൂട്ട് – ഇംഗ്ലണ്ട് – 38 – 2,364
അതേസമയം, ജെയ്‌സ്വാള്‍ പുറത്തായതിന് പിന്നാലെ മറ്റൊരു ഐതിഹാസിക നേട്ടവും രോ-കോ പെയര്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യയ്ക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച പെയര്‍ എന്ന നേട്ടമാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
വിരാടും രോഹിത്തും ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷത്തിനിടെ | Photo: BCCI
(താരങ്ങള്‍ – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി & രോഹിത് ശര്‍മ – 392*
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ & രാഹുല്‍ ദ്രാവിഡ് – 391
സൗരവ് ഗാംഗുലി & രാഹുല്‍ ദ്രാവിഡ് – 368
അതേസമയം, റാഞ്ചിയില്‍ കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ കുതിക്കുകയാണ്. നിലിവില്‍ 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. 112 പന്തില്‍ 132 റണ്‍സുമായി വിരാട് കോഹ്‌ലിയും 28 പന്തില്‍ 19 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.
Content highlight: Virat Kohli and Rohit Sharma set the record of most ODI runs by a pain in home ODIs