വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറിയുമായി തിളങ്ങി വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. രോഹിത് ശര്‍മ മുംബൈയ്ക്കായി സിക്കിമിനെതിരെയും വിരാട് ദല്‍ഹിക്കായി ആന്ധ്രാപ്രദേശിനെതിരെയുമാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
2027 ലോകകപ്പ് ലക്ഷ്യമിടുന്ന ഇരുവരോടും ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച് കഴിവ് തെളിയിക്കണമെന്ന് അപെക്‌സ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ടി-20 ഫോര്‍മാറ്റില്‍ നിന്നും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും പടിയിറങ്ങിയ രോഹിത്തും വിരാടും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഏകദിനത്തില്‍ മാത്രമാണ്. നിലവില്‍ ഐ.സി.സി ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രോഹിത്തും വിരാടും യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരാണ്.
രോഹിത്തും വിരാടും. Photo: BCCI/x.com
പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെയും പിടിവാശിക്ക് പിന്നാലെ വിജയ് ഹസാരെ കളിക്കാനിറങ്ങിയ ഇരുവരും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറിയുമായി തിളങ്ങിയാണ് അവരവരുടെ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
Photo: Mufadal Vohra/x.com
സിക്കിമിനെതിരെ 94 പന്തില്‍ നിന്നും 155 ഫറണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 18 ഫോറും ഒമ്പത് സിക്‌സറും അടക്കം 164.89 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.
സിക്കിം ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്കായി ആംഗ്രിഷ് രഘുവംശിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത രോഹിത് 141 റണ്‍സിന്റെ കൂട്ടുകെട്ടും ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയിരുന്നു.
58 പന്തില്‍ 38 റണ്‍സടിച്ച രഘുവംശിയെ നഷ്ടപ്പെട്ടെങ്കിലും വണ്‍ ഡൗണായെത്തിയ മുഷീര്‍ ഖാനെ ഒപ്പം കൂട്ടിയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം വിക്കറ്റില്‍ 85 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തിയാണ് രോഹിത് മടങ്ങിയത്. പിന്നാലെയെത്തിയ സര്‍ഫറാസ് ഖാന്‍ സഹോദരന്‍ മുഷീറിനെ ഒപ്പം കൂട്ടി വിജയലക്ഷ്യം മറികടന്നു.
മറുവശത്ത് ആന്ധ്രാപ്രദേശിനെതിരെ വിരാട് കോഹ്‌ലിയുടെ ആറാട്ടിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര മുന്‍ നായകന്‍ റിക്കി ഭുയിയുടെ സെഞ്ച്വറിക്കരുത്തില്‍ 298 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍ അര്‍പ്പിത് റാണ സില്‍വര്‍ ഡക്കായി മടങ്ങി. എന്നാല്‍ വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലി പ്രയാന്‍ഷ് ആര്യയെ ഒപ്പം കൂട്ടി ദല്‍ഹി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ സമ്മാനിച്ചു.
രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് പ്രിയാന്‍ഷ്-വിരാട് ജോഡി ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.
13ാം ഓവറിലെ രണ്ടാം പന്തില്‍ പ്രിയാന്‍ഷിനെ പുറത്താക്കി കെ. രാജുവാണ് കൂട്ടുകെട്ട് പൊളിച്ചത്. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ ഒന്നിച്ച ഈ പാര്‍ട്ണര്‍ഷിപ്പ് പിരിയുന്നത് 114ലാണ്. 44 പന്തില്‍ 74 റണ്‍സടിച്ചാണ് പ്രിയാന്‍ഷ് മടങ്ങിയത്.
നാലാം നമ്പറിലിറങ്ങിയ നിതീഷ് റാണയെ ഒപ്പം കൂട്ടി വിരാട് വീണ്ടും ആന്ധ്ര ബൗളിങ് ലൈനപ്പിനെ മര്‍ദിച്ചുകൊണ്ടിരുന്നു. മൂന്നാം വിക്കറ്റില്‍ 160 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് വിരാട് മടങ്ങുന്നത്. 101 പന്ത് നേരിട്ട താരം 131 റണ്‍സ് സ്വന്തമാക്കി. 14 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പിന്നാലെയെത്തിയവര്‍ക്ക് വിജയലക്ഷ്യം മറികടക്കുക എന്ന ചുമതല മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഡിസംബര്‍ 26നാണ് ദല്‍ഹിയും മുംബൈയും അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹി ഗുജറാത്തിനെ നേരിടുമ്പോള്‍ ഉത്തരാഖണ്ഡാണ് മുംബൈയുടെ എതിരാളികള്‍.
Content Highlight: Virat Kohli and Rohit Sharma scored century in Vijay Hazare Trophy