ക്രിക്കറ്റ് ലോകം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പിന് തിരശീലയുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനും ഹോങ് കോങ്ങും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് അരങ്ങുണരുക. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ് ഇത്തവണ ടി – 20 ഫോര്‍മാറ്റിലാണ് എത്തുന്നുന്നത്.
പതിവ് പോലെ തന്നെ ഇത്തവണയും ഏഷ്യാ കപ്പിന് നാല് വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. ഗ്രൂപ്പ് എയില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്ഥാനും ഒമാനും ആതിഥേയരായ യു.എ.ഇയുമാണ്. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും ഹോങ് കോങ്ങുമാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.
ആവേശം വാനോളം ഉയര്‍ത്തുന്ന കുട്ടി ക്രിക്കറ്റില്‍ ടീമുകളെല്ലാം ഏഷ്യയുടെ ചാമ്പ്യന്‍പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് കളത്തില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റിനായി ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ടീമുകള്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ്.
മറ്റൊരു ഏഷ്യ കപ്പിന് കൂടി കൊടിയേറുമ്പോള്‍ ടൂര്‍ണമെന്റിലെ സെഞ്ചുറിയന്മാര്‍ ആരെല്ലാമെന്ന് പരിചയപ്പെടാം. ടി – 20 ഫോര്‍മാറ്റില്‍ കളിച്ച ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ രണ്ട് താരങ്ങള്‍ മാത്രമേ മൂന്നക്കം കടന്നിട്ടുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോഹ്‌ലിയും ഹോങ് കോങ് താരമായ ബാബര്‍ ഹയാത്തുമാണത്.
2022 സെപ്റ്റംബറില്‍ നടന്ന ടി – 20 ഏഷ്യാ കപ്പിലാണ് കോഹ്‌ലി തന്റെ ശതകം അടിച്ചെടുത്തത്. ടൂര്‍ണമെന്റ് സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാന് എതിരായാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തില്‍ 61 പന്തുകള്‍ നേരിട്ട് പുറത്താവാതെ 122 റണ്‍സാണ് ഇന്ത്യന്‍ താരം നേടിയത്. ആറ് സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 200 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കോഹ്ലി ബാറ്റിങ് ചെയ്തിരുന്നത്.
കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തില്‍ ഈ മത്സരത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. പിന്നാലെ ഇന്ത്യ 101 റണ്‍സിന്റെ വമ്പന്‍ വിജയവും അഫ്ഗാനെതിരെ സ്വന്തമാക്കി. കോഹ്‌ലി മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
ബാബര്‍ ഹയാത്ത് 2016ലെ ഏഷ്യ കപ്പിലാണ് സെഞ്ച്വറി നേട്ടത്തിലെത്തിയത്. താരവും 122 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒമാനെതിരെ 60 പന്തുകളിലാണ് ഈ സെഞ്ച്വറി നേട്ടം. ഏഴ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പടെയായിരുന്നു താരം ഏഷ്യ കപ്പ് ടണ്‍ പൂര്‍ത്തിയാക്കിയത്. 203.33 എന്നതായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഹയാത്ത് സെഞ്ച്വറിയുമായി മികച്ച പ്രകടനങ്ങള്‍ നടത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഒമാന്‍ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ് കോങ് അഞ്ച് റണ്‍സ് അകലെ വീഴുകയായിരുന്നു.
ടി – 20യില്‍ സെഞ്ച്വറി എന്നത് ഒട്ടും എളുപ്പമല്ല. എന്നാല്‍, മികച്ച ബാറ്റിങ്ങിലൂടെ താരങ്ങള്‍ക്ക് ഈ നേട്ടത്തിലെത്താന്‍ സാധിക്കും. അതിന് കഴിവുള്ള ഒട്ടനവധി താരങ്ങള്‍ ടൂര്‍ണമെന്റിലെ എട്ട് ടീമുകളിലുമുണ്ട്. കുട്ടി ക്രിക്കറ്റിലുള്ള ഫോം ഈ ഏഷ്യ കപ്പിലും തുടരാനായാല്‍ ഒന്നോ രണ്ടോ താരങ്ങള്‍ക്ക് കൂടി തങ്ങളുടെ പേര് ഈ ലിസ്റ്റില്‍ ചേര്‍ക്കാന്‍ സാധിക്കും.
Content Highlight: Virat Kohli and Babar Hayat are only scored Hundred in T20 Asia Cup History