| Wednesday, 8th June 2022, 9:55 am

റെക്കോഡുകള്‍ എവിടെയുണ്ടോ അവിടെ കോഹ്‌ലിയുണ്ട് ! ഇന്‍സ്റ്റഗ്രാമിലും താരം കിംഗ് തന്നെ !

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തേറ്റവും ആരാധകരും ഫോളോവേഴ്‌സുമുള്ള കളിക്കാരനാണ് വിരാട് കോഹ്‌ലി. ഇന്നത്തെ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം എന്ന് തന്നെ കോഹ്‌ലിയെ വിശേഷിപ്പിക്കാം. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലും താരം റെക്കോഡിട്ടിരിക്കുകയാണ്.

ക്രിക്കറ്റ് കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരം വിരാട് കോഹ്‌ലിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 200 മില്ല്യണ്‍ എന്ന സംഖ്യയാണ് വിരാട് കടന്നത്. ഇതോടെ ക്രിക്കറ്റ് കളിക്കാരില്‍ 200 മില്ല്യണ്‍ കടക്കുന്ന ആദ്യ താരമായി കോഹ്‌ലി മാറി.

ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ളവരുടെ ലിസ്റ്റില്‍ 17ാമതാണ് വിരാട് കോഹ്‌ലി. ലിസ്റ്റിലെ ആദ്യത്തെ ഇന്ത്യക്കാരനും കോഹ്‌ലി തന്നെയാണ്. ഇന്ത്യക്കാരില്‍ രണ്ടാമതുള്ള സിനിമ നടി പ്രിയങ്ക ചോപ്ര 78 മില്ല്യണ്‍ ഫോളോവേഴ്‌സുമായി 37ാം സ്ഥാനത്താണ്.

ആദ്യ 90 റാങ്കുകളില്‍ വേറെ ക്രിക്കറ്റ് താരങ്ങള്‍ ആരും തന്നെയില്ല. വിരാടിന്റെ ഫാന്‍ ഫോളോയിംഗ് ക്രിക്കറ്റിനു മുകളില്‍ വളര്‍ന്നു എന്നതിന്റെ തെളിവാണിത്. 200 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള വിരാട് ഫോളോ ചെയ്യുന്നത് വെറും 245 പേരെയാണ്.

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഫോളോ ചെയ്യുന്ന താരവും കോഹ്‌ലിയാണ്. ലോകത്തേറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ സ്‌പോര്‍ട്‌സ് താരവും ഇദ്ദേഹം തന്നെയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഫോളോവേഴ്‌സുള്ളത് ഫുട്‌ബോള്‍ ഇതിഹാസമായ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊക്കാണ്. 451 മില്ല്യണ്‍ ഫോളോവേഴ്‌സാണ് റോണൊക്കുള്ളത്. നാലാം സ്ഥാനത്തുള്ള ലയണല്‍ മെസിക്ക് 331 മില്ല്യണ്‍ ഫോളോവേഴ്‌സാണുള്ളത്.

ക്രിക്കറ്റിനെ കുറിച്ചറിയാത്തവര്‍ക്ക് പോലും വിരാട് കോഹ്‌ലി എന്ന താരത്തെയറിയാം. അതാണ് കോഹ്‌ലി എന്ന ബ്രാന്‍ഡ് ക്രിക്കറ്റില്‍ ഉണ്ടാക്കിയ ഇംപാക്ട്. എന്നാല്‍ ബോട്ട് അക്കൗണ്ടുകളാണ് കോഹ്‌ലിയുടെ ഫോളോവേഴ്‌സ് എന്ന് വാദിക്കുന്നയാളുകളുമുണ്ട്.

എന്തായാലും താരം ഇന്‍സ്റ്റഗ്രാമില്‍ നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിട്ടുണ്ട്. നാളെ ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്നും റെസ്റ്റ് എടുത്തുകൊണ്ട് അടുത്ത മാസം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

Content Highlights : Virat Kohli achieved 200 million followers on instgram

Latest Stories

We use cookies to give you the best possible experience. Learn more