മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും വിങ്ങലായാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1989 ല്‍ പുറത്തിറങ്ങിയ വന്ദനത്തിന് തിരശ്ശീല വീണത്. ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രമായി മോഹന്‍ലാലും ഗാഥ ഫെര്‍ണാണ്ടസായി അന്യഭാഷ നടി ഗിരിജ ഷെട്ടാറും എത്തിയപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് സമാനതകളില്ലാത്ത സിനിമ അനുഭവമായിരുന്നു.
Photo: choice Network
ബാംഗ്ലൂര്‍ പശ്ചാത്തലമായി ഒരുക്കിയ ചിത്രം ക്ലൈമാക്‌സില്‍ നായകനും നായികയും ഒന്നിക്കുകയെന്ന ക്ലീഷേ സ്ങ്കല്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. തനിക്ക് ആകെയുണ്ടായിരുന്ന അച്ഛന്റെ മരണശേഷം നായകനെ കാത്തിരുന്ന് കാണാതാവുമ്പോള്‍ അമേരിക്കയിലേക്ക് പോകുന്ന ഗാഥയും നിര്‍ഭാഗ്യവശാല്‍ ഗാഥക്കടുത്തെത്താന്‍ കഴിയാത്ത ഉണ്ണിയും എന്നും പ്രേക്ഷകമനസിലെ വേദനയാണ്.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നായകനും നായികയും അവസാനമായി ട്രാഫിക്ക് ബ്ലോക്കില്‍ അടുത്തടുത്ത കാറില്‍ ഇരിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കെന്ന് മനസ്സില്‍ പറയാത്ത മലയാളികള്‍ വിരളമായിരിക്കും. വന്ദനത്തെ മറ്റ് പ്രണയചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഇതുതന്നെ. എന്നാല്‍ സാങ്കേതിക വിദ്യകള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തിയ ഈ കാലഘട്ടത്തില്‍ 36 വര്‍ഷം മുമ്പിറങ്ങിയ വന്ദനത്തിന്റെ ക്ലൈമാക്‌സ് മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കനവ് കഥ എന്ന ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ച എ.ഐ വീഡിയോ ആണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. വന്ദനത്തിന്റെ ക്ലൈമാക്‌സ് വീഡിയോ പ്രേക്ഷകരുടെ ആഗ്രഹപ്രകാരം മാറ്റിക്കുറിച്ചാണ് എല്ലാ വിധ വൈകാരികതയോടെയും പുതിയ എന്‍ഡിങ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി സഞ്ചരിച്ച കാര്‍ സിഗ്നലില്‍ നിര്‍ത്തുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന കാറിലെ ഗാഥയെ കാണുന്നതായാണ് പുതിയ വീഡിയോ.
പരസ്പരം കാണുമ്പോള്‍ ഇരുവരുടെയും മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങളടക്കം കൃത്യമായി ഒപ്പിയെടുത്ത വീഡിയോയില്‍ സ്റ്റില്‍ ഐ ലവ് യൂ എന്ന ഐക്കോണിക്ക് ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ശേഷം ശുഭം എന്ന ടാഗ് ലൈനോടെ ‘എ പ്രിയദര്‍ശന്‍ ഫിലിം’ എന്ന് പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്.
Photo: IMDB
എന്നാല്‍ വീഡിയോക്ക് താഴെ വന്ന കമന്റുകളാണ് വീഡിയോയെക്കാള്‍ ശ്രദ്ധ നേടുന്നത്. ഇരുവരും ഒന്നിച്ചപ്പോള്‍ സന്തോഷിക്കുന്നതിന് പകരം പഴയ ക്ലൈമാക്‌സായിരുന്നു ഇതിലും മികച്ചതെന്നും അതിനാലാണ് ഇപ്പോഴും ചിത്രത്തിന് തങ്ങളുടെ മനസ്സില്‍ സ്ഥാനമുള്ളതെന്നുമായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം ഒരുപാട് ആഗ്രഹിച്ച ക്ലൈമാക്‌സ് ആണെന്നും ഇങ്ങനെ അവസാനിച്ചപ്പോള്‍ ഒരുപാട് സന്തോഷമായെന്നും പറയുന്ന ചുരുക്കം ചിലരും കമന്റ് ബോക്‌സിലുണ്ട്.
Content Highlight: Viral video of AI changed vandhanam climax