| Wednesday, 18th April 2018, 2:00 pm

ആ വീഡിയോ കഠ്‌വയിലെ പെണ്‍കുട്ടിയുടേതല്ല; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ തുറന്നുകാട്ടി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: ജമ്മുകശ്മീരില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി മുസ്‌ലിം പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യം ഞെട്ടിത്തെരിച്ചിരിക്കുകയാണ്. വാര്‍ത്ത പുറത്ത് വന്നത് മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തുടങ്ങിവെച്ച പ്രതിഷേധക്കാറ്റ് ഇപ്പോഴും അവസാനിച്ചിട്ടില്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിനെതിരെ സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും ഇന്നും പ്രതിഷേധം ശക്തമാണ്.

വയലറ്റ് നിറമുള്ള ഉടുപ്പിട്ട് ചിരിക്കുന്ന മുഖവുമായി തെരുവുകളിലും സോഷ്യല്‍ മീഡിയകളിലും ആ എട്ടുവയസുകാരി നിറഞ്ഞു നില്‍ക്കുമ്പോഴാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്. കഠ്‌വയില്‍ മരിച്ച പെണ്‍കുട്ടി പാടിയ അവസാന പാട്ട് എന്നരീതിയിലായിരുന്നു വീഡിയോ പ്രചരിച്ചത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ നവമാധ്യമങ്ങളിലാണ് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്. അസ്സലാമു അലൈക്കും എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍ “സുനാ താ ബി ഹാദ് സുനഹ്രിരി ഹായ് ദിലി” എന്ന പാട്ടാണ് കുട്ടി പാടുന്നത്.


Read Also :കത്‌വ കേസില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം; പൂര്‍ണ്ണരൂപം


എന്നാല്‍ അത് കഠ്‌വയില്‍ കൊല്ലപ്പെട്ട കുട്ടിയല്ലെന്ന വെളിപ്പെടുത്തലുമായി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എന്നയാള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ആരാധികയായ പെണ്‍കുട്ടി താനെഴുതിയ ഗാനം ആലപിച്ച്, തനിക്ക് വാട്ട്സ്ആപ്പില്‍ അയച്ചുതന്ന വീഡിയോയാണിതെന്നും താനാണിത് ഫേസ്ബുക്കില്‍ അപ്പ്ലോഡ് ചെയ്തതെന്നുമാണ് ഇമ്രാന്‍ പ്രതാപ്ഗര്‍ഹി പറയുന്നത്.

ഈ വീഡിയോയാണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്. എന്റെ സഹോദരിയുടെ മകളാണ് മരിച്ച പെണ്‍കുട്ടി എന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇമ്രാന്‍ പറയുന്നു. 2017 ജൂലൈ 18 നാണ് ഇമ്രാന്‍ ഈ വീഡിയോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തത്. കഠ്‌വയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ മുഖസാദൃശ്യമായിരുന്നു ഇത്തരത്തല്‍ വീഡിയോ പ്രചരിക്കാന്‍ കാരണം. വീഡിയോയിലെ വാസ്തവം എന്താണെന്ന് ലോകത്തെ അറിയിക്കാനുള്ള തത്രപ്പാടിലാണിപ്പോള്‍ ഇമ്രാന്‍.

ജമ്മുവിനടുത്തുള്ള കഠ്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

Latest Stories

We use cookies to give you the best possible experience. Learn more