| Tuesday, 17th November 2026, 12:07 pm

അനന്തഭദ്രത്തിലുള്ള പലതും രാമായണത്തിലുണ്ട്, സൂക്ഷിച്ച് നോക്കിയാൽ മനസിലാവും: വിപിൻ വിശ്വകർമ

അനുപമ കെ. സീത

ഇന്ത്യൻ സിനിമാ മേഖലയിലെ ശ്രദ്ധേയനായ എഡിറ്ററാണ് വിപിൻ വിശ്വകർമ. നിതേഷ് തിവാരി സംവിധാനം ചെയ്‌ത ബിഗ് ബഡ്ജറ്റ് ചിത്രം രാമായണയിൽ വി.എഫ്.എക്സ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. അനന്തഭദ്രം എന്ന സിനിമയിലൂടെയാണ് തന്റെ വി.എഫ്.എക്സ് കരിയർ വിപിൻ ആരംഭിക്കുന്നത്. ഫോട്ടോഗ്രാഫർ, തുറുപ്പുഗുലാൻ, കാഥികൻ എന്നീ മലയാളചിത്രങ്ങളിൽ എഡിറ്ററായും മാർവൽ സിനിമകളായ വെനം, ബ്ലാക്ക് പാന്തർ: വക്കാണ്ട ഫോറെവർ എന്നിവയുടെയും വി.എഫ്.എക്സ് ടീമിൽ വിപിൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ബാഹുബലി, ശിവാജി: ദി ബോസ് തുടങ്ങിയ ചിത്രങ്ങളുടെ വി.എഫ്.എക്സ് വർക്കുകളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

സായ് പല്ലവി, രൺബീർ കപൂർ, യഷ് എന്നിവർ പ്രധാന വേഷത്തിലെത്തിയ രാമായണത്തിലും തന്റെ ആദ്യ സിനിമയായ അനന്തഭദ്രത്തിലെ പലതും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കവെയാണ് വിപിൻ ഇക്കാര്യം തുറന്ന് പറഞ്ഞത്. എങ്ങനെയാണ് താൻ സിനിമയിൽ എത്തിപ്പെട്ടത് എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘അനന്തഭദ്രത്തിലെ പല സാധനങ്ങളും രാമായണത്തിലുണ്ട്. സൂക്ഷിച്ചു നോക്കി പഠിച്ചാൽ മനസ്സിലാകും. പല എഫക്ടസുകളുമുണ്ട്. കാരണം ഓരോ ഓപ്ഷൻസ് സൂപ്പർവൈസേഴ്സ് ചോദിക്കുമ്പോൾ നമ്മൾ പണ്ട് ചെയ്ത പടങ്ങളിൽ ഏതെങ്കിലും സാധനം ഒരു എലമെന്റ്സ് വെച്ചൊക്കെ കൊടുക്കാറുണ്ട്. അത് നമ്മുടെ തന്നെ റെഫെറൻസാണ്.

അനന്തഭദ്രം.Photo. Screen Grab/Letterboxd.com

ചെന്നൈയിൽ പോയി പഠിച്ചതിന് ശേഷം പരസ്യങ്ങൾക്ക് വേണ്ടി ഗ്രാഫിക്സ് ചെയ്യാൻ തുടങ്ങി. പിന്നെ ഇങ്ങോട്ടുള്ള കരിയറിൽ അങ്ങനെ ആദ്യ പടമായ അനന്തഭദ്രം സ്റ്റാർട്ടാകുന്നു. അതിന്റെ വിഷ്വൽ എഫക്ട്സ് ചെയ്യുന്നു, അത് വളരെ പോപ്പുലറാകുന്നു. വളരെ ഇൻട്രസ്റ്റിങ്ങാകുന്നു, വിഷ്വൽ എഫക്സ് നോട്ടീസ് ചെയ്യുന്നു, അനന്തഭദ്രത്തിന്റെ ക്വാളിറ്റി നോക്കികഴിഞ്ഞാൽ ക്വാളിറ്റി ഓഫ് വിഷ്വൽ എഫക്സ് കൂടുതലാണ്. അന്ന് റഫറൻസ് ഇല്ല. അന്നെല്ലാം ഡിസൈനായിരുന്നു. ആർട്ടിസ്റ്റുകൾ പേപ്പറിൽ വരച്ചാണ് ഡിസൈൻ ഉണ്ടാക്കിയിരുന്നത്. ദിഗംബരന്റെ കയ്യിൽ നിന്നൊരു എഫക്ട് വരുന്നതൊക്കെ പേപ്പറിൽ വരച്ചുണ്ടാക്കി ഡിസൈൻ ചെയ്തെടുത്തതാണ്,’ അദ്ദേഹം പറഞ്ഞു.

ദിഗംബരന്റെ മുഖത്ത് നിന്നും പൃഥ്വിരാജിന്റെ മുഖത്തേക്ക് മാറുമ്പോഴുള്ള ട്വിസ്റ്റൊക്കെ വളരെ അത്ഭുതമായിരുന്നുവെന്നും അതൊക്കെ എങ്ങനെ ചെയ്തെടുക്കുമെന്ന് ടെൻഷനുണ്ടായിരുന്നുവെന്നും എന്നാലത് വർക്കൗട്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ സിനിമക്ക് ശേഷമാണ് തമിഴ്, തെലുങ്ക്, കന്നഡ, ഹോളിവുഡ് എന്നിവയിലേക്കുള്ള വാതിൽ തുറന്നതെന്നും വിപിൻ വ്യക്തമാക്കി.

Content Highlight: Vipin Vishwakarma said that the Ramayana contained many elements from the movie Anandabhadram.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more