ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ മലയാള ചിത്രം ദൃശ്യം. ക്രൈം ത്രില്ലര്‍ ഴോണറുകള്‍ക്ക് എളുപ്പത്തില്‍ എത്തിപിടിക്കാന്‍ സാധിക്കാത്ത തരത്തില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗവും ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന രീതിയിലായിരുന്നു സംവിധായകന്‍ ഒരുക്കിയത്.
Photo: Wikipedia
ഇതിന് പിന്നാലെ വലിയ ഹൈപ്പിലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങിയത്. ബോളിവുഡ് വമ്പന്മാരായ പനോരമ സ്റ്റുഡിയോസ് ചിത്രത്തിന്റെ റൈറ്റ്‌സുകള്‍ സ്വന്തമാക്കിയതടക്കം ഇന്ത്യന്‍ സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിനെല്ലാം പുറമെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചത് ഏപ്രില്‍ 2 ന് റിലീസ് ഡേറ്റ് വെച്ച ദൃശ്യം 3 ക്ക് ക്ലാഷ് വെച്ച വാഴ 2 ടീമിന്റെ ധൈര്യമായിരുന്നു.
ഒരുപറ്റം പുതുമുഖങ്ങളെ വെച്ച് ആനന്ദ് മേനന്‍ സംവിധാനം ചെയ്ത് 2024 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം യുവാക്കളായ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ തരംഗമായിരുന്നു. ചിത്രം വലിയ വിജയം നേടിയതോടെ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ ഹാഷിറിനെയും കൂട്ടാളികളെയും പ്രധാനകഥാപാത്രങ്ങളാക്കിയാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം ക്ലാഷ് വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവും തിരക്കഥാകൃത്തുമായ വിപിന്‍ ദാസ്. മാതൃഭൂമി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് വിപിന്‍ ദാസ് ചിത്രങ്ങളുടെ ക്ലാഷിനെക്കുറിച്ച് സംസാരിച്ചത്.
‘ആ ഒരു ടൈമില്‍ വരാനിരിക്കുന്ന അതിരടി, ആട് 3 യുമെല്ലാം വാഴയുടെ അതേ ഴോണറില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. അതുകൊണ്ട് നമ്മള്‍ നമ്മുടെ അതേ ലെവലിലുള്ള ശക്തിയുമായി മത്സരിക്കുന്നതിലും നല്ലത് ലാലേട്ടന്‍ പോകുമ്പോള്‍ ലാലേട്ടന്റെ കൈയ്യും പിടിച്ച് ഒരു സൈഡിലൂടെ പോകുന്നതാണ്. പിന്നെ ആ രണ്ടാഴ്ച്ച നമ്മള്‍ സേഫാണ്. ലാലേട്ടന്റെ പടത്തിന് ആളുകള്‍ തിയേറ്ററിലേക്ക് എത്തുമ്പോള്‍ അത് കുറച്ച് നമുക്ക് കൂടെ കിട്ടും.
വാഴ 2. Photo: IMDB
ലാലേട്ടന്റെ പടം ദൃശ്യം ഒരു ക്ലാസിക്ക് ആണ്. ചിത്രത്തിന് അതിന്റെതായ ഒരു എക്‌സ്‌പെറ്റേഷനും ഓഡിയന്‍സും എന്തായാലും ഏത് സമയത്ത് ഇറക്കിയാലും ഉണ്ടാവും. ആ സിനിമക്ക് ടിക്കറ്റ് കിട്ടാത്തവര്‍ എന്തായാലും നമ്മുടെ പടത്തിനും കയറും. ആ ചിത്രത്തിന് ഒരു ഇരുനൂറ് കോടി കിട്ടിയാല്‍ ഞങ്ങള്‍ക്ക് അതിന്റെ നാലിലൊന്നെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഴയുടെ ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത് ആനന്ദ്.എസ്. മേനന്‍ ആയിരുന്നെങ്കിലും രണ്ടാം ഭാഗത്തിന്റെ സംവിധായകന്‍ സവിന്‍.എസ്.എ ആണ്. വിപിന്‍ദാസ് തിരക്കഥയെഴുതി നിര്‍മിക്കുന്ന ചിത്രത്തില്‍ ഹാഷിര്‍, അലന്‍, അജിന്‍ ജോയ്, വിനായക് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Vipin Das talks about Vazha 2 clash with Drishyam 3