| Saturday, 6th September 2025, 7:18 am

ബാക്കിയുള്ള എഴുത്തുകളില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, ഈ സിനിമയില്‍ സ്വാതന്ത്ര്യം കുറവാണ്: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. പിന്നീട് അന്താക്ഷരി, ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2024ല്‍ പുറത്തിറങ്ങിയ വാഴ – ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്‌ന്റെ തിരക്കഥ എഴുതിയതും വിപിന്‍ദാസ് ആയിരുന്നു.

സൂപ്പര്‍ഹിറ്റായ ‘വാഴ’ സിനിമയുടെ രണ്ടാംഭാഗം ഒരുങ്ങുകയാണ്. അതിന്റെ സന്തോഷവും എഴുത്തിലെ വെല്ലുവിളികളും പങ്കുവെക്കുകയാണ് ഇപ്പോള്‍ വിപിന്‍ ദാസ്. ഏറ്റവും വെല്ലുവിളി നേരിടുന്നത് വാഴ ടു തന്നെയാണെന്ന് അദ്ദേഹം പറയുന്നു. പുതിയൊരു വിഷയം അവതരിപ്പിക്കുകയായതിനാല്‍ വാഴയുടെ ഒന്നാംഭാഗം എഴുതാന്‍ വളരെ എളുപ്പമായിരുന്നുവെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.

‘കാരണം നമുക്ക് തോന്നുന്നതുപോലെ മാറ്റിയും മറിച്ചും തിരുത്തിയും എഴുതിപ്പോകാം. നമുക്കിഷ്ടമുള്ള സ്ഥലങ്ങള്‍ ആളുകള്‍ക്ക് കാണിച്ചുകൊടുക്കാം. എന്നാല്‍ വാഴ ടു വരുമ്പോള്‍ അല്പം ശ്രദ്ധയോടെവേണം അവതരിപ്പിക്കാന്‍. കഥാപാത്രങ്ങളാവട്ടെ, കാര്യങ്ങളാവട്ടെ, ഇടങ്ങളാവട്ടെ എല്ലാം ആളുകള്‍ക്ക് പരിചിതമാണ്. അപ്പോള്‍ അതെല്ലാം സസൂക്ഷ്മം ശ്രദ്ധിച്ച് എവിടെയും പോരായ്മകള്‍ വരാതെ ഇംപ്രൊവൈസേഷനുകള്‍ എവിടെയൊക്കെ വേണമെന്നൊക്കെ നോക്കി എഴുതേണ്ടിവരും. അതൊരു വലിയ ടാസ്‌ക് തന്നെയാണ്,’ വിപിന്‍ ദാസ് പറയുന്നു.

വാഴ ടുവില്‍ പുതിയ രീതി എന്തെങ്കിലും പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. വാഴ ആദ്യഭാഗത്തിന്റെ മീറ്ററും സ്‌റ്റൈലും നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു.

‘നേരത്തേ പറഞ്ഞതുപോലെ അത് എഴുത്തില്‍ രൂപപ്പെട്ടുവന്ന സിനിമയാണ്. എന്നാല്‍ രണ്ടാംഭാഗത്തിലേക്ക് വരുമ്പോള്‍ ചിലത് അനുകരിക്കേണ്ടിവരാം. കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാവാം. മാറ്റിച്ചെയ്യേണ്ടിവരാം. ഞാന്‍ പറഞ്ഞല്ലോ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ വാഴ ടു തന്നെയായിരിക്കും. ബാക്കിയുള്ള എഴുത്തുകളില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷേ, ഇതിനകത്ത് ആ സ്വാതന്ത്ര്യം കുറച്ച് കുറവാണ്. എന്നാലും മാക്‌സിമം ശ്രമിച്ചുനോക്കുന്നതില്‍ ഒരു സുഖമുണ്ട്,’ വിപിന്‍ പറഞ്ഞു.

Content Highlight: Vipin das talks about the second part of the film Vazha and the challenges of writing 

We use cookies to give you the best possible experience. Learn more