വിപിൻ ദാസ് സംവിധാനം ചെയ്‌ത് ബേസിലും ദർശനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ സിനിമയാണ് ജയ ജയ ജയ ജയ ഹേ. 2022ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷം ഇറങ്ങിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു.
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിൽ ഏറെ പ്രശംസ ലഭിച്ച സീനായിരുന്നു ചിത്രത്തിലെ ഫൈറ്റ് സീനും അതിന് കൊടുത്ത ബാക്ക്ഗ്രൗണ്ട് സ്‌കോറും. ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ്.
വിഷ്വലുകളിലൂടെ മാത്രമല്ല ശബ്ദത്തിലൂടെയും കൂടിയാണ് സീന്‍ വര്‍ക്കാകുന്നതെന്ന തോന്നല്‍ എപ്പോഴുമുണ്ടെന്നും വിഷ്വലില്‍ വര്‍ക്ക് ചെയ്യുന്നതിനേക്കാള്‍ സമയം താന്‍ ശബ്ദത്തിന് കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. അപ്പോഴാണ് സിനിമ പൂര്‍ണമാകുന്നതെന്നും ജയ ജയ ജയ ജയ ഹേ ഫസ്റ്റ് ഡ്രാഫ്റ്റ് കണ്ടപ്പോള്‍ എല്ലാവരും പേടിച്ചിരുന്നെന്നും വിപിന്‍ പറഞ്ഞു.
ചിത്രത്തിലെ ഫൈറ്റ് സീനില്‍ കമന്ററി വെക്കുന്നതിനോട് ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ലെന്നും പരീക്ഷണം നടത്തിയപ്പോള്‍ എല്ലാവര്‍ക്കും പേടിയായിരുന്നെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ അത് ഉള്‍പ്പെടുത്തിയാല്‍ രസമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിഷ്വലുകളിലൂടെ മാത്രമല്ല, ശബ്ദത്തിലൂടെയും കൂടെയാണ് ഒരു സീന്‍ വര്‍ക്കാവുക എന്ന തോന്നല്‍ എപ്പോഴുമുണ്ട്. മാത്രമല്ല, വിഷ്വലില്‍ വര്‍ക്ക് ചെയ്യുന്നതിന്റെ പത്തിരട്ടി സമയം ഞാന്‍ ശബ്ദത്തിന് കൊടുക്കും. അപ്പോഴേ സിനിമ പൂര്‍ണമാകൂ എന്നൊരു ബോധ്യമുണ്ട്. ജയ ജയ ജയ ജയ ഹേ ഫസ്റ്റ് ഡ്രാഫ്റ്റ് കണ്ടപ്പോള്‍ എല്ലാവരും പേടിച്ചിരുന്നു. മ്യൂസിക് ഉള്‍പ്പെടുത്തി ഫൈനല്‍ ഔട്ട് കണ്ടപ്പോഴാണ്, കൊള്ളാമെന്ന് എല്ലാവര്‍ക്കും തോന്നിയത്.
അതിലെ ഫൈറ്റിങ് സീനില്‍ കമന്ററി വെക്കുന്നതിനോട് ക്രൂവില്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. മിക്‌സിങ് ടൈമിലും പലരും പറഞ്ഞു, അതുമാറ്റാമെന്ന്. പുതിയൊരു സംഭവം പരീക്ഷിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയുണ്ടാവുമെന്നത് സ്വാഭാവികമാണ്. പക്ഷേ, അത് രസമായിരിക്കുമെന്ന് എനിക്ക് തീര്‍ച്ചയായിരുന്നു,’ വിപിൻ ദാസ് പറയുന്നു.
Content Highlight: Vipin Das Talking about Jaya Jaya Jaya Hey Cinema