| Monday, 8th September 2025, 9:24 am

സിനിമ റിലീസായശേഷം അത് അങ്ങനെ ചെയ്യാമായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല; ആരോഗ്യപരമായ ചര്‍ച്ചകള്‍ നല്ലത്: വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന കരിയര്‍ ആരംഭിച്ച വ്യക്തിയാണ് വിപിന്‍ ദാസ്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടി.

വാഴ, വ്യസനസമേതം ബന്ധുമിത്രാതികള്‍ എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മിക്കുകയും ചെയ്തു. വാഴ സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും വിപിനാണ്. ഇപ്പോള്‍ നിര്‍മാതാവെന്ന നിലയില്‍ സിനിമയില്‍ എന്തൊക്കെ ഇടപെടലുകളാണ് നടത്താറുള്ളതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എഴുതുന്ന സിനിമയെന്നോ നിര്‍മിക്കുന്ന സിനിമയെന്നോ സംവിധാനം ചെയ്യുന്ന സിനിമയെന്നോ ഇല്ല. സംവിധാനം ചെയ്യുന്ന സിനിമയാണെങ്കിലും എന്റെ കൂടെ നിര്‍മാതാക്കളും അഭിനേതാക്കളും എല്ലാവരുമുണ്ടാകും. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ചര്‍ച്ചചെയ്യുക. ആത്യന്തികമായ കാര്യം സിനിമ വര്‍ക്കാവുക, ആളുകള്‍ക്ക് ഇഷ്ടപ്പെടുക എന്നതാണ്,’ വിപിന്‍ ദാസ് പറയുന്നു.

തന്റേതായ നിര്‍ദേശങ്ങള്‍ പറയാറുണ്ടെന്നും അത് തന്റെ സുഹൃത്തുക്കളുടെ സിനിമയാണെങ്കിലും താന്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു. സിനിമ റിലീസായശേഷം അത് അങ്ങനെ ചെയ്യാമായിരുന്നു എന്നുപറഞ്ഞിട്ട് കാര്യമില്ലന്നെും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

‘റിലീസിന് മുമ്പാണെങ്കില്‍ റീ വര്‍ക്ക് ചെയ്യാം, അല്ലെങ്കില്‍ റീ ഷൂട്ട് ചെയ്യാം. എല്ലാത്തിനും വഴികളുണ്ട്. എനിക്ക് വലിയൊരു സുഹൃദ് വലയം തന്നെയുണ്ട്. എല്ലാവര്‍ക്കും ഓരോ ഐഡിയ തോന്നും. തോന്നിയില്ലെങ്കില്‍ അവരെക്കൊണ്ട് കാര്യമില്ല എന്നേ പറയുള്ളൂ. എന്നേക്കാള്‍ നല്ല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പറയുന്നവര്‍ കൂടെയുണ്ടാവും. ആരോഗ്യപരമായ ചര്‍ച്ചകള്‍ നല്ലതാണ്,’ വിപിന്‍ ദാസ് പറഞ്ഞു.

ഇനി ചെയ്യാനായി മാറ്റിവെച്ച കഥകളോ തിരക്കഥകളോ ഉണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. ഉറപ്പായുമുണ്ടെന്നാണ് വിപിന്‍ പറഞ്ഞത്. ഇതുവരെ എഴുതിവെച്ചിരിക്കുന്ന സിനിമകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും പുതിയ ആലോചനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകരോട് ഏറ്റവും നന്നായിട്ട് പറയാന്‍ പറ്റുന്ന കഥകളാണ് ഇപ്പോള്‍ സിനിമയാക്കുന്നതെന്നും വിപിന്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

Content highlight: Vipin das responding to a question about what kind of interventions he makes as a producer

We use cookies to give you the best possible experience. Learn more