സോഷ്യല്‍ മീഡിയ മുഴുവന്‍ വാഴ മയമാണ്. രണ്ടാം ഭാഗത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റിനെക്കുറിച്ച് നിരവധി ചര്‍ച്ചകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ അരങ്ങേറിയത്. വാഴയുടെ മൂന്നാം ഭാഗമാണെന്ന തരത്തില്‍ മൂന്ന് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഫോട്ടോയോടൊപ്പമാണ് വിപിന്‍ ദാസ് പോസ്റ്റ് പങ്കുവെച്ചത്.
പിന്നാലെ വാഴ 3യില്‍ പ്രധാന കഥാപാത്രങ്ങള്‍ ആരാകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ അരങ്ങേറി. രണ്ടാം ഭാഗത്തില്‍ കുറച്ച് സീനുകളില്‍ വരുന്ന അമീനും ഗ്യാങ്ങുമായിരിക്കാമെന്ന് ഒരുകൂട്ടമാളുകള്‍ പറഞ്ഞപ്പോള്‍ ഹനാന്‍ ഷായാകും ലീഡെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. കരിക്ക് ഗ്യാങ്ങിനെയും ചിലര്‍ ചര്‍ച്ചയില്‍ കൊണ്ടുവന്നു. ഇപ്പോഴിതാ വാഴയുടെ മൂന്നാം ഭാഗം വിപിന്‍ ദാസ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
വാഴ 3: എ ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ് Photo: Vipin Das/ Facebook
വാഴ 3: എ ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ് എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. നവാഗതനായ വിശ്വന്‍ ശ്രീജിത്താണ് ചിത്രത്തിന്റെ സംവിധാനം. ആദ്യ രണ്ട് ഭാഗങ്ങളിലേത് പോലെ വിപിന്‍ ദാസ് രചനയും അങ്കിത് മേനോന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നുണ്ട്. തങ്ങള്‍ വിചാരിച്ചതിനെക്കാള്‍ ഉയരത്തില്‍ വാഴ ഫ്രാഞ്ചൈസി വളര്‍ന്നു എന്ന് പറഞ്ഞുകൊണ്ടാണ് വിപിന്‍ ദാസ് തന്റെ പോസ്റ്റ് ആരംഭിച്ചത്.
‘നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന സ്‌നേഹത്തിന് നന്ദി. പുതിയ ടാലന്റുകളെ സിനിമയിലേക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞങ്ങള്‍ വാഴ എന്ന ചിത്രം ലോഞ്ച് ചെയ്തത്. ഭാവിയില്‍ പുതിയ അദ്ധ്യായങ്ങള്‍ തുടങ്ങുമ്പോഴും ഈയൊരു ഉദ്ദേശം തുടരുക തന്നെ ചെയ്യും. എഴുതാന്‍, അഭിനയിക്കാന്‍, സംവിധാനം ചെയ്യാന്‍, കമ്പോസ് ചെയ്യാന്‍ എന്നീ കാര്യങ്ങള്‍ക്കായി എപ്പോഴും തുറന്നുകിടക്കുന്ന വാതില്‍ ഈ ഫ്രാഞ്ചൈസിക്ക് മാത്രം ഉള്ളതാണ്.
സിനിമയുടെ ടൈറ്റിലും പ്രേക്ഷകരുമാണ് ഈ സംരംഭത്തിന്റെ നെടുംതൂണുകള്‍. ക്യാമറക്ക് മുന്നിലും പിന്നിലുമെത്തുന്ന മുഖങ്ങള്‍ സിനിമയിലെ അടുത്ത തലമുറയെ റെപ്രസന്റ് ചെയ്യുന്നവരാണ്. നിങ്ങള്‍ നല്‍കിയ അഭിപ്രായത്തിന്റെയും പിന്തുണയുടെയും ശക്തിയില്‍ ഞങ്ങള്‍ വാഴയുടെ മൂന്നാം ഭാഗമായ വാഴ 3: എ ബയോപിക് ഓഫ് ബില്യണ്‍ ഗേള്‍സ് അനൗണ്‍സ് ചെയ്യുകയാണ്.
എല്ലാ തവണത്തേയും പോലെ ഞങ്ങളുടെ ഡയറക്ഷന്‍ ടീമിലുള്ള മറ്റൊരു പ്രധാനിയായ വിശ്വന്‍ ശ്രീജിത്തിന് ഇത്തവണ ബാറ്റണ്‍ കൈമാറുകയാണ്. എന്റെ ടീമിലെ പ്രധാനപ്പെട്ടയാളാണ് വിശ്വന്‍. അടുത്തവര്‍ഷം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കും. വലിയൊരു കാത്തിരിപ്പാണ് ഇതെന്നറിയാം. പക്ഷേ, അത് വര്‍ത്താകുമെന്ന് ഉറപ്പാണ്,’ വിപിന്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
കമിങ് ഓഫ് ഏജ് ഡ്രാമ ഴോണറിലൊരുങ്ങിയ രണ്ട് സിനിമകളിലും ആണ്‍കുട്ടികളുടെ കഥയ്ക്കാണ് അണിയറപ്രവര്‍ത്തകര്‍ പ്രാധാന്യം നല്‍കിയത്. പെണ്‍കുട്ടികളുടെ കൗമാരത്തെ ആസ്പദമാക്കി അധികം സിനിമകളൊരുങ്ങാത്ത മോളിവുഡില്‍ വാഴ 3 ഒരു ബെഞ്ച്മാര്‍ക്കാകുമെന്നാണ് കരുതുന്നത്.
Content Highlight: Vipin Das officially announced Vaazha 3 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ