| Tuesday, 21st April 2026, 9:09 am

നൈറ്റ് ലൈഫ് ആഗ്രഹിച്ച് യു.കെയില്‍ പോയവര്‍ക്ക് രാത്രി എട്ട് മണി കഴിഞ്ഞാല്‍ പെട്ടിക്കട പോലുമില്ലാത്ത അവസ്ഥ യാഥാര്‍ത്ഥ്യമാണ്: വിപിന്‍ ദാസ്

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസിലെ അപ്രതീക്ഷിത കൊലത്തൂക്ക് നടത്തുകയാണ് വാഴ 2. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന മൂന്നാമത്തെ സിനിമയെന്ന നേട്ടവും വാഴ 2നാണ്. ആദ്യഭാഗത്തെക്കാള്‍ വലിയ വിജയമായി രണ്ടാം ഭാഗം മാറിക്കഴിഞ്ഞു.

വാഴയുടെ അതേ ട്രീറ്റ്‌മെന്റിലാണ് രണ്ടാം ഭാഗവും കഥപറയുന്നത്. എന്നാല്‍ ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെയെല്ലാം ഒരുപരിധി വരെ ഇല്ലാതാക്കാന്‍ എഴുത്തുകാരനായ വിപിന്‍ ദാസിന് സാധിച്ചു. യുവാക്കള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും കൃത്യമായി അനലൈസ് ചെയ്ത് ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്. അത്തരത്തിലൊന്നാണ് നല്ല ജീവിതത്തിനായി വിദേശത്ത് പോകുന്ന യുവാക്കളുടെ കഷ്ടപ്പാട്.

വിപിന്‍ ദാസ് Photo: Screen grab/ Cue Studio

നാട്ടിലെ കളിയാക്കലും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെ അലനും വിനായകും ഡിഗ്രി പഠനത്തിനായി യു.കെയില്‍ പോകുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍ യു.കെയിലെത്തിയ ഇരുവര്‍ക്കും കഷ്ടപ്പാടായിരുന്നു ഫലം. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരുപാട് യുവാക്കള്‍ വിദേശരാജ്യങ്ങളിലുണ്ടെന്ന് പറയുകയാണ് തിരക്കഥാകൃത്ത് വിപിന്‍ ദാസ്.

‘ഈ സമയത്ത് റെലവന്റായ പല ടോപ്പിക്കുകളും വാഴ 2ല്‍ കൊണ്ടുവന്നിട്ടുണ്ട്. അതിലൊന്നാണ് യുവാക്കളുടെ വിദേശ പഠനം. യു.കെയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസ് ഈ പടത്തില്‍ പാര്‍ട്ണറാകാമെന്ന് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് തീരുമാനിച്ചു. നമ്മള്‍ തന്നെ പണമിറക്കുമ്പോള്‍ എന്തും പറയാം. അതില്‍ ഞങ്ങള്‍ കാണിച്ചത് സത്യമായിട്ടുള്ള കാര്യമാണ്. പലയിടത്തും പിള്ളേരെ യു.കെയില്‍ കൊണ്ടുപോകുന്നത് പറ്റിച്ചിട്ടാണ്. പകുതി പിള്ളേരും അവിടെയൊക്കെ പോയി കഷ്ടപ്പെടുകയാണ്.

വാഴ 2 Photo: Screen grab/ Think Music India

നാട്ടുകാരുടെയും വീട്ടുകാരെയും പേടിച്ചിട്ട് പോകുന്നതാണ് അതിന്റെ ഒരു കാരണം. രണ്ടാമത്തേത് ചില ഏജന്‍സികളുടെ പറ്റിക്കലില്‍ പെട്ടുപോകുന്നതുമാണ്. ;നെറ്റ് ലൈഫ് ഉണ്ടാകും, അവിടെ പോയി ചില്‍ ചെയ്യാം’ എന്ന് പറഞ്ഞ് പോകുന്നിടത്ത് ഇതൊന്നുമുണ്ടാകില്ല. പ്രീ പ്രൊഡക്ഷന്‍ സമയത്ത് ജോര്‍ജിയയില്‍ ചെന്നപ്പോള്‍ ഇതൊക്കെ നേരിട്ട് കണ്ടയാളാണ് ഞാന്‍.

അവിടെയുള്ള കുട്ടികള്‍ക്ക് രാത്രി പുറത്തിറങ്ങി നടക്കാന്‍ പോലും പറ്റുന്നില്ല. അത്രയും ഡാര്‍ക്കാണ്. നൈറ്റ് ലൈഫ് ആസ്വദിക്കാമെന്ന് പറഞ്ഞ് പോകുന്നിടത്ത് രാത്രി ഒരു പെട്ടിക്കട പോലുമില്ലാത്ത സ്ഥലങ്ങളൊക്കെയുണ്ട്. അതൊക്കെ യാഥാര്‍ത്ഥ്യമാണ്.

വാഴ 2 Photo: Screen grab/ Think Music India

കെ.എഫ്.സിയിലും മക്‌ഡൊണാള്‍ഡ്‌സിലും വര്‍ക്ക് ചെയ്തവര്‍ക്ക് അവിടെ ബാക്കി വരുന്ന ബ്രെഡ്ഡും വെജിറ്റബിള്‍സും കൊടുക്കാറുണ്ട്. അത് മാത്രം കഴിച്ച് ജീവിക്കുന്ന ഒരുപാട് പിള്ളേരെ എനിക്കറിയാം. അതിനെക്കുറിച്ച് ഇവിടുന്ന് തന്നെ ഒരു തിരിച്ചറിവുണ്ടാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്,’ വിപിന്‍ ദാസ് പറയുന്നു.

Content Highlight: Vipin Das about the U.K scenes in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more