| Wednesday, 23rd July 2025, 10:00 am

ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിപഞ്ചികയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഷാര്‍ജയില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനം കാരണം ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് നടക്കും. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ രാത്രി 11.45 യോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.

സംസ്‌കാരം ഇന്ന് വൈകീട്ടോടെ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണിക വീട്ടുവളപ്പില്‍ നടത്തും. മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്തതിന് ശേഷമാകും മൃതദേഹം വീട്ടിലെത്തിക്കുക. ഇന്ന് ഉച്ച കഴിഞ്ഞ് സംസ്‌കാരചടങ്ങുകള്‍ നടക്കും.

യു.എ.ഇയില്‍ എല്ലാ നടപടിക്രമങ്ങളും തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയായിരുന്നു. വിമാന ടിക്കറ്റ് ലഭിക്കുന്നതിലുണ്ടായ അനിശ്ചിതത്വമാണ് നാട്ടിലെത്തുന്നത് വൈകാന്‍ കാരണമായത്.

വിപഞ്ചികയുടെ മകളുടെ സംസ്‌കാരം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. വിപഞ്ചികയുടെ പിതാവ് നിധീഷ്, മാതാവ് ഷൈലജ, എന്നിവര്‍ സംസ്‌കാരത്തില്‍ പങ്കാളികളായിരുന്നു. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്.

ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. വര്‍ഷങ്ങളായി വിപഞ്ചിക ഭര്‍ത്താവില്‍ നിന്ന് പീഡനം നേരിട്ടിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കല്യാണത്തിന് ശേഷം 2022ല്‍ വിവാമോഹചനത്തിന് ശ്രമിച്ചിട്ടുണ്ടെന്നും പറയുന്നു.

Content Highlight: Vipanchika’s funeral will be held today in the family compound.

We use cookies to give you the best possible experience. Learn more