| Sunday, 23rd November 2025, 8:58 am

വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ അക്രമം വർധിക്കുന്നു; ഫലസ്തീനികളുടെ മരണനിരക്ക് കൂടുമെന്ന മുന്നറിയിപ്പുമായി യു.എൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈൽ ആക്രമണത്തിൽ വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ വഷളാകുന്നുണ്ടെന്നും ഫലസ്തീനികളുടെ മരണനിരക്കും കുടിയിറക്കവും വർധിക്കുന്നുണ്ടെന്നും ഐക്യരാഷ്ട സഭ.

നവംബർ 11 മുതൽ 17 വരെ വെസ്റ്റ് ബാങ്കിൽ ഇസ്രഈൽ 29 ആക്രമണങ്ങൾ നടത്തിയെന്ന് ഓഫീസ് ഓഫ് ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്‌സ് (OCHA) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

ഇതിൽ 11 പേർക്ക് പരിക്കേൽക്കുകയും 10 വീടുകൾ, രണ്ട് പള്ളികൾ, രണ്ട് ഡസൻ വാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വെസ്റ്റ് ബാങ്കിൽ നടക്കുന്ന ആക്രമണങ്ങളുടെ തോത് ആശങ്കാജനകമാണെന്നും കുടിയിറക്കം, അപകടങ്ങൾ, സ്വത്ത് നഷ്ടങ്ങൾ, ഫലസ്തീൻ ജനതയുടെ അരക്ഷിതാവസ്ഥ, ഉപജീവന മാർഗങ്ങൾ നഷ്ടപ്പെട്ടതടക്കമുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നുവെന്നും സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി.

2025 ൽ വെസ്റ്റ് ബാങ്കിലെ ഇസ്രഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ കുട്ടികളുടെ എണ്ണം 50 ആയി ഉയർന്നതായി ഡുജാറിക് പറഞ്ഞു. 200 ലധികം ഫലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമം നടപ്പിലാക്കുമെന്നും പൗരന്മാരുടെ സംരക്ഷണത്തിനായി തങ്ങൾ തുടർന്നും ആഹ്വാനം ചെയ്യുമെന്നും വെസ്റ്റ് ബാങ്കിൽ യുദ്ധസമാനമായ തന്ത്രങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗസയിലെ യു.എസ് സമാധാന പദ്ധതിക്ക് യു.എൻ സുരക്ഷാ സമിതി അംഗീകാരം നൽകിയിരുന്നു. യു.എസ് പദ്ധതി അംഗീകരിച്ച യു.എൻ നീക്കത്തെ ഫലസ്തീൻ അതോറിറ്റി പ്രശംസിച്ചിരുന്നു.

നിലവിൽ ഗസയിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര നിയമത്തിൽ അധിഷ്‌ഠിതമായ പ്രമേയങ്ങൾ പാസാക്കുകയാണ് ചെയ്യേണ്ടതെന്നും എന്നാൽ യു.എസ് പദ്ധതിയിൽ ഔദ്യോഗിക അംഗീകാരത്തിനുള്ള വിശദാംശങ്ങൾ ഇല്ലെന്നും ചൈനയും റഷ്യയും പറഞ്ഞിരുന്നു.

യു.എസ് പദ്ധതിക്ക് കടുത്ത എതിർപ്പ് പുലർത്തിയ റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നിരുന്നു.

ഐക്യരാഷ്ട്ര സഭയുടെ നാണക്കേടിന്റെ ദിവസമാണിതെന്ന് യു.എന്നിലെ മുൻ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ ക്രെയ്ഗ് മൊഖിബർ പറഞ്ഞിരുന്നു. ഗസയിൽ അന്താരാഷ്ട്ര സേനയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഹമാസും യു.എസ് പദ്ധതിയെ തള്ളിയിരുന്നു.

ഈ വർഷം ഒക്ടോബർ പത്തുമുതൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഗസയ്ക്കുനേരെ ഇസ്രഈൽ ആക്രമണം തുടരുകയാണ്.

Content Highlight: Violence in the West Bank is increasing; UN warns of rising Palestinian death toll

We use cookies to give you the best possible experience. Learn more