| Tuesday, 27th January 2026, 10:45 am

സ്ത്രീകള്‍ക്കെതിരായ അതിക്രമം, സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യം; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഗിഗ് തൊഴിലാളികള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ഗിഗ് തൊഴിലാളികള്‍ക്ക് നേരെയുള്ള അന്യായ നടപടികളില്‍ പ്രതിഷേധിച്ച് ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം സര്‍വ്വീസ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച്ച രാജ്യവ്യാപക പണിമുടക്ക് നടത്തി.

സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍, ഏകപക്ഷീയമായ പിഴകള്‍, തൊഴില്‍ സംരക്ഷണത്തിന്റെ അഭാവം എന്നിവയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഇന്ത്യയിലുടനീളമുള്ള 35,000 തൊഴിലാളികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദല്‍ഹിയില്‍ ഏകദേശം എട്ടായിരം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നും ഗിഗ് വര്‍ക്കേസ് യൂണിയന്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ ഒന്നിലധികം കമ്പനികളില്‍ നിന്നുളള തൊഴിലാളികള്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ പ്രധാനമായും ഹോം സര്‍വ്വീസ് പ്ലാറ്റ്‌ഫോമായ അര്‍ബന്‍ കമ്പനിയിലെ തൊഴിലാളികളാണ് പങ്കെടുത്തതെന്നും യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളുടെ സുരക്ഷയാണ് പ്രധാന ആശങ്കയെന്നും വനിതാ ഗിഗ് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് പണിമുടക്ക് നടത്തിയതെന്നും യൂണിയന്‍ പറഞ്ഞു.

‘സ്ത്രീകളെ ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ശാരീരികമായി പോലും ആക്രമിക്കുകയും ചെയ്യുന്ന നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ട് , പക്ഷേ കമ്പനി അതില്‍ ഇടപെടുന്നില്ല,’ വുമണ്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ പ്രസിഡന്റ് സീമ സിംഗ് പറഞ്ഞു.

ക്ലൈയ്ന്റുകളുടെ പരാതിയില്‍ ശരിയായ അന്വേഷണം നടത്താതെ തൊഴിലാളികളുടെ ഐ.ഡികള്‍ ബ്ലോക്ക് ചെയ്യുന്ന അര്‍ബന്‍ കമ്പനിയുടെ നടപടിക്കെതിരെയും തൊഴിലാളികള്‍ പ്രതിഷേധിച്ചു.

ഗിഗ് തൊഴിലാളികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ മാത്രമല്ല മരപ്പണിക്കാര്‍, ബ്യൂട്ടീഷന്മാര്‍, പ്ലംബര്‍മാര്‍ മറ്റ് ഹോം സര്‍വ്വീസുകള്‍ എന്നിവ കൂടിയുണ്ടെന്ന് ആളുകളെ മനസ്സിലാക്കുക എന്ന ലക്ഷ്യം കൂടി സമരത്തിന് പിന്നിലുണ്ടെന്ന് വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ കോര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ ഗൊരാന പറഞ്ഞു.

ആഭ്യന്തര പരാതി സമര്‍പ്പിക്കല്‍, ആര്‍ത്തവ അവധി, ഉപഭോകൃത പരാതികളില്‍ പ്രതികരിക്കാനുള്ള അവകാശം, അനിയന്ത്രിതമായി ഐ.ഡി ബ്ലോക്ക് ചെയ്യുന്ന കമ്പനി നടപടി അവസാനിപ്പിക്കല്‍ എന്നിവയാണ് യൂണിയന്റെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി 3ന് ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ റാലി ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ ആസുത്രണം ചെയ്തിട്ടുണ്ടെന്ന് ഗിഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു.

കഴിഞ്ഞമാസവും ഇത്തരത്തില്‍ പ്രതിഷേധ പണിമുടക്ക് നടന്നിരുന്നു.

Content Highlight: Violence against women, unsafe working conditions; Gig workers prepare for nationwide protests

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more