| Sunday, 15th November 2026, 9:06 am

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; സ്വിറ്റ്‌സർലാൻഡിൽ പ്രതിഷേധ റാലി നടത്തി പുരുഷന്മാർ

ശ്രീലക്ഷ്മി എ.വി.

ബേൺ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ സ്വിറ്റ്‌സർലാൻഡിൽ പ്രതിഷേധ റാലി നടത്തി നൂറുകണക്കിന് പുരുഷന്മാർ. സ്വിറ്റ്‌സർലാൻഡിലെ പാർലമെന്റിനു പുറത്ത് നവംബർ 14 ശനിയാഴ്ചയാണ് പ്രകടനം നടന്നത്.

ഇത്തരം വിഷയങ്ങൾക്കെതിരെ പുരുഷന്മാർ കൂടുതൽ ശബ്‌ദമുയർത്തണമെന്ന് പ്രകടനത്തിലൂടെ അവർ ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും ക്വിയർ വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നതിൽ പുരുഷന്മാർ കൂടുതൽ സജീവമായി ഇടപടണമെന്ന് ആവശ്യപ്പെട്ടാണ് ‘മെൻ എഗൈൻസ്റ്റ് വയലൻസ് എഗൈൻസ്റ്റ് വിമൺ’ എന്ന റാലി നടത്തിയതെന്ന് പ്രകടനക്കാർ പറഞ്ഞു.

കൗമാരക്കാരായ ആൺകുട്ടികളിലും യുവാക്കളിലും ഓൺലൈനിലൂടെ സ്ത്രീവിരുദ്ധത വ്യാപകമാകുകയാണെന്നും ഇതിന് പുരുഷന്മാർ ഒരു ശക്തമായ പ്രതിവാദം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.

സൂറിച്ച് സർവകലാശാലയും മെൻ കെയറും നടത്തിയ സർവേയിൽ 18നും 24നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിൽ പകുതിയോളം പേർക്കും പുരുഷാധിപത്യ ചിന്താഗതികളാണെന്ന് കണ്ടെത്തിയാതായി റിപ്പോർട്ടുകളുണ്ട്.

അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരുഷ സങ്കൽപ്പങ്ങളെ കുറിച്ച് സ്കൂളുകളിൽ നിന്നു തന്നെ ബോധവൽക്കരണം നൽകണമെന്നും അതിനായി ചർച്ചകൾ അനിവാര്യമാണെന്നും ഈ പഠനം ആവശ്യപ്പെട്ടു.

സ്ത്രീകൾക്കെതിരായ ഓൺലൈൻ അതിക്രമങ്ങളുടെ അപകടങ്ങളെക്കുറിച്ച് ഈ മാസം നടന്ന പത്രസമ്മേളനത്തിൽ സ്വിസ് നീതിന്യായ മന്ത്രി ബീറ്റ് ജാൻസ് പങ്കെടുത്തിരുന്നു.

രാജ്യത്തെ അക്രമ സംഭവങ്ങളിൽ അഞ്ചിൽ നാലുഭാഗവും, ബലാത്സംഗ കേസുകളിൽ 99 ശതമാനവും പ്രതികളാകുന്നത് പുരുഷന്മാരാണെന്ന് സ്വിസ് നീതിന്യായ മന്ത്രി ബീറ്റ് ജാൻസ് പറഞ്ഞു.

പുരുഷാധിപത്യത്തെയും ഫെമിനിസത്തോടുള്ള വിരോധത്തെയും പ്രോത്സാഹിപ്പിക്കുന്ന ഓൺലൈൻ ഫോറങ്ങളുടെയും ഇൻഫ്ലുൻസർമാരുടെയും കൂട്ടായ്മയായ വലതുപക്ഷ മനോസ്ഫിയറാണ് ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിനു ശേഷം, സ്ത്രീവിരുദ്ധമായ പരിഹാസങ്ങൾ പറയാനും അവയെ ന്യായീകരിക്കാനും ഇത്തരം ഇൻഫ്ലുൻസർമാർക്ക് കൂടുതൽ ധൈര്യമുണ്ടായിയെന്നും റിപ്പോർട്ടുകളുണ്ട്.

Contnet Highlight: Violence against women: Men hold protest rally in Switzerland

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more