| Saturday, 17th October 2026, 1:56 pm

പെൺകുട്ടികൾക്കെതിരായ അതിക്രമം; ദൽഹി പൊലീസ് ആസ്ഥാനത്തേക്ക് ഇടത് വനിതാ സംഘടനകളുടെ പ്രതിഷേധം; അമിത് ഷായെ അറസ്റ്റ് ചെയ്യണമെന്ന് ആനി രാജ

ശ്രീലക്ഷ്മി പി.പി

ന്യൂദൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വനിതാ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും നേരെ ദൽഹി പൊലീസ് നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിലും ലൈംഗികാതിക്രമങ്ങളിലും പ്രതിഷേധിച്ച് ദൽഹി പൊലീസ് ആസ്ഥാനത്തേക്ക് ഇടതുപക്ഷ വനിതാ സംഘടനകളുടെ പ്രതിഷേധ മാർച്ച്.

ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ (എഐഡിഡബ്ല്യുഎ), നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (എൻഎഫ്ഐഡബ്ല്യു), ക്രാന്തികാരി യുവ സംഘടന (കെവൈഎസ്), സി.ഐ.ടി.യു ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് സംയുക്ത പ്രതിഷേധം അരങ്ങേറിയത്.

മുതിർന്ന ഇടത് നേതാക്കളായ പി.കെ. ശ്രീമതി, ആനി രാജ, മറിയം ധാവളെ, എ.ആർ. സിന്ധു തുടങ്ങിയവർ മാർച്ചിൽ മുൻനിരയിൽ അണിനിരന്നു.

പൊലീസ് ആസ്ഥാനത്തിന് തൊട്ടുമുന്നിൽ ബാരിക്കേഡുകൾ വെച്ച് മാർച്ച് തടഞ്ഞതോടെ നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് കേന്ദ്ര സർക്കാരിനും ദൽഹി പൊലീസിനുമെതിരെ ശക്തമായ മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.

സമരങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുന്നത് ദൽഹി പൊലീസ് ഒരു ആയുധമാക്കി മാറ്റിയിരിക്കുകയാണെന്ന് സി.പി.ഐ നേതാവ് ആനി രാജ തുറന്നടിച്ചു.

‘പ്രായഭേദമന്യേ സമരരംഗത്തുള്ള സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ അതിക്രമം നടത്താൻ പൊലീസിനെ ഉപയോഗിക്കുകയാണെന്നും, ഇത്തരം ക്രൂരതകൾക്ക് ഉത്തരവിട്ട ദൽഹി പൊലീസ് കമ്മീഷണർ രാജിവെക്കണമെന്നും’ അവർ ആവശ്യപ്പെട്ടു.

ദൽഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് വ്യക്തമാക്കിയ ആനി രാജ, സ്ത്രീകളെ ലൈംഗികമായി വേട്ടയാടി നിശ്ശബ്ദരാക്കാമെന്ന് ഫാസിസ്റ്റ് സർക്കാർ കരുതേണ്ടെന്നും എത്രമാത്രം അടിച്ചമർത്താൻ നോക്കിയാലും ആയിരം മടങ്ങായി തിരിച്ചുവരുമെന്നും പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യായമായ അവകാശങ്ങൾക്കും വോട്ടവകാശ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയർത്തുന്ന പെൺകുട്ടികൾക്ക് നേരെ കടുത്ത പീഡനമുറകളാണ് പൊലീസ് അഴിച്ചുവിടുന്നതെന്ന് പി.കെ. ശ്രീമതി വിമർശിച്ചു.

‘പെൺകുട്ടികൾ ഇനി സമരരംഗത്തേക്ക് ഇറങ്ങി വരരുത് എന്ന ലക്ഷ്യത്തോടെയാണ് ക്രൂരവും നീചവുമായ രീതിയിൽ അവരെ ആക്രമിക്കുന്നത്. പുരുഷ പൊലീസും വനിതാ പൊലീസും ഒരുപോലെ ഈ വേട്ടയാടലിൽ പങ്കാളികളാണെന്ന്’ അവർ പറഞ്ഞു.

മാധ്യമപ്രവർത്തകരായ പെൺകുട്ടികൾക്ക് നേരെ പോലും ഇത്തരം ക്രൂരതകൾ അരങ്ങേറി. പൊലീസുകാർ നടത്തിയ ഈ കിരാതമായ ടോർച്ചറിങ്ങിനെതിരെയാണ് രാജ്യത്തെ മുഴുവൻ സ്ത്രീകളെയും അണിനിരത്തി പ്രതിഷേധിക്കുന്നതെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി.

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ റോഡ് ഉപരോധിച്ച് മണിക്കൂറുകളോളം വനിതാ സംഘടനകൾ പ്രതിഷേധം തുടർന്നു. വരുംദിവസങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

Content Highlight:Violence against girls: Left-wing women’s organizations protest at Delhi Police headquarters.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more