ന്യൂദല്‍ഹി: കുഞ്ഞുങ്ങള്‍ക്കായി പുറത്തിറക്കുന്ന വിവിധ പോഷകാഹാര ഉത്പ്പന്നങ്ങളില്‍ ഗുരുതര നിയമലംഘനവും ഗുണനിലവാരക്കുറവും കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ കമ്പനിയായ നെസ്‌ലെ ഇന്ത്യയ്ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ച് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ).
NAN എക്‌സെല്ലാ പ്രോ സ്‌റ്റേജ് ( Excella Pro Stage 1), ലാക്‌റ്റോജന്‍ പ്രോ 1 (Lactogen Pro 1) കൂടാതെ ഒരു ഫോളോ-അപ്പ് ഫോര്‍മുല എന്നീ മൂന്ന് പ്രമുഖ ഉത്പ്പന്നങ്ങള്‍ക്കെതിരെയാണ് അതോറിറ്റി നടപടിയെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെസ്ലെയ്ക്കെതിരെ എഫ്.എസ്.എസ്.എ.ഐ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുഞ്ഞുങ്ങള്‍ക്കുള്ള ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിയമാനുസൃതമല്ലാത്ത പരസ്യപ്രചാരണങ്ങള്‍ നടത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ് പ്രധാന ആരോപണം. NAN Excella Pro Stage 1-Â ‘5HMOs’, ‘Whey Protein’ എന്നിവ അടങ്ങിയിട്ടുണ്ടെന്ന വാഗ്ദാനവും, Lactogen Pro 1ല്‍ ‘Whey Protein എളുപ്പത്തില്‍ ദഹിക്കുന്നത്’ എന്ന രീതിയിലുള്ള പ്രചാരണവും നിയമവിരുദ്ധമാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.
കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍ ബദലുകളും ഭക്ഷണങ്ങളും പരസ്യം ചെയ്യുന്നതും വിപണനത്തിനായി പ്രചരിപ്പിക്കുന്നതും നിരോധിക്കുന്ന 1992-ലെ ഐ.എം.എസ് ആക്ട് സെക്ഷന്‍ 3-ന്റെയും, 2020-ലെ ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ് കമ്പനി നടത്തിയതെന്ന് അതോറിറ്റി വ്യക്തമാക്കി.
കൂടാതെ കമ്പനിയുടെ ഫോളോ-അപ്പ് ഫോര്‍മുല സാമ്പിള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ‘ബയോട്ടിന്‍’ നിശ്ചിത അളവിലും കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, എഫ്.എസ്.എ.ഐയുടെ ആരോപണങ്ങള്‍ നിഷേധിച്ച് നെസ്ലെ ഇന്ത്യ രംഗത്തെത്തി. തങ്ങളുടെ മുഴുവന്‍ ഉത്പ്പന്നങ്ങളും നിലവിലുള്ള രാജ്യത്തെ നിയമങ്ങളും മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ചുകൊണ്ടാണ് നിര്‍മിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
NAN Excella Pro, Lactogen Pro എന്നീ ഉത്പ്പന്നങ്ങളും അവയുടെ പാക്കറ്റിന് മുകളിലെ ലേബലുകളും എഫ്.എസ്.എസ്.എ.ഐയുടെ വിദഗ്ധ സമിതി നേരത്തെ തന്നെ പരിശോധിച്ച് അംഗീകരിച്ചതാണെന്നും, ഉത്പ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്നും നെസ്‌ലെ വക്താവ് വ്യക്തമാക്കി.
Content Highlight: Violation regarding baby food: FSSAI takes action against Nestle India.