| Thursday, 24th July 2025, 9:52 am

'ആചാരലംഘനം'; ആറന്മുള വള്ളസദ്യ ദേവസ്വംബോർഡ് ഏറ്റെടുക്കുന്നതിനെതിരെ പള്ളിയോട് സേവാ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആറന്മുള: ആറന്മുള വള്ളസദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തുന്നതിനെതിരെ പള്ളിയോട് സേവാ സംഘം രംഗത്ത്. ദേവസ്വം ബോർഡ് വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ആചാരലംഘനമാണെന്നാണ് പള്ളിയോട് സേവാ സംഘത്തിന്റെ വാദം. പള്ളിയോട് സേവാ സംഘത്തെ അറിയിക്കാതെയാണ് വള്ളസദ്യ നടത്താനുള്ള അധികാരം ദേവസ്വം ബോർഡിന് നൽകിയതെന്നും അവർ പറയുന്നു.

എന്നാൽ വള്ളസദ്യ തിരുവിതാം കൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തണമെന്ന് ഹൈക്കോടതി നിർദേശമുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. പള്ളിയോട് അവർ തിരുവിതാം കൂർ ദേവസ്വം ബോർഡും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും തിരുവിതാം കൂർ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

ജൂൺ പത്താം തീയതി തിരുവനന്തപുരം നന്ദൻകോട് വെച്ച് നടന്ന ഒരു യോഗത്തിൽ വള്ളസദ്യ ദേവസ്വം ബോർഡ് നടത്തണമെന്ന തീരുമാനം എടുത്തിട്ടുണ്ടായിരുന്നെന്നും കൂടാതെ ഹൈക്കോടതി നിർദേശമുണ്ടായിരുന്നെന്നും ദേവസ്വം ബോർഡ് പറയുന്നു. ഈ യോഗത്തിൽ പള്ളിയോട് സേവാ സംഘവും പങ്കെടുത്തിരുന്നെന്നും ദേവസ്വം ബോർഡ് പറയുന്നു.

ആദ്യയോഗത്തിൽ ആറന്മുള ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌, സെക്രട്ടറി, മൂന്ന് ക്ഷേത്ര ഉപദേശ സമിതിയംഗങ്ങൾ എന്നിവരും ജൂണിലെ യോഗത്തിൽ പള്ളിയോട സേവാസമിതി പ്രസിഡന്റ്‌, സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തെന്നും ദേവസ്വം ബോർഡ് പറയുന്നു.

എന്നാൽ പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട് സേവാ സംഘത്തിന്റെ വാദം.

എല്ലാ ഞായറാഴ്ചയും നടക്കുന്ന വള്ളസദ്യ ബോർഡ് ഏറ്റെടുത്ത് നടത്താനായിരുന്നു തീരുമാനം ഉണ്ടായത്. ഇതിനെതിരെയാണ് പള്ളിയോട് സേവാ സംഘം എത്തിയിരിക്കുന്നത്.

Content Highlight: Violation of tradition; Palliyod Seva Sangham opposes Travancore Devaswom Board taking over Aranmula Vallasadya

We use cookies to give you the best possible experience. Learn more