| Wednesday, 17th December 2025, 3:33 pm

ചട്ടലംഘനം; 'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരെ സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് സി.പി.ഐ.എം പരാതി നല്‍കാനൊരുങ്ങുന്നത്.

സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് ഈ പാട്ടിലൂടെ നടന്നത്. പാരഡി ഗാനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. വൈകാതെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു.

അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി പൊലീസിന് നല്‍കിയ പരാതിയില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്നും അദ്ദേഹം അറിയിച്ചു. പാട്ടിന് എതിരായല്ല പരാതിയെന്നും ചട്ടലംഘനത്തിന് എതിരായാണ് പരാതിയെന്നും വിശദീകരിച്ചു.

ശബരിമല ക്ഷേത്രത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും മതനിന്ദയാണെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടിയല്ല താന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും അയ്യപ്പ ഭക്തനെന്ന നിലയിലാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, സി.പി.ഐ.എമ്മിന്റെ ദൗര്‍ബല്യമാണ് പരാതി നല്‍കുന്നതിലൂടെ വെളിവാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ഒരു പാരഡി ഗാനത്തിനെ പോലും ഭയക്കുന്ന അവസ്ഥയിലാണ് സി.പി.ഐ.എമ്മെന്നും ആദ്യമായിട്ടാണോ പാരഡി ഗാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയുടെ തൂലികയില്‍ നിന്നാണ് അയ്യപ്പഭക്തി ഗാനത്തിന്റെ പാരഡിയായ ‘പോറ്റിയെ കേറ്റിയെ’ പിറന്നത്. ശബരിമല സ്വര്‍ണപാളി വിഷയത്തിലാണ് ഈ ഗാനമെഴുതിയിരിക്കുന്നത്.

ഖത്തറില്‍ വച്ചെഴുതിയ പാട്ട് നാട്ടിലെ ഒരു സുഹൃത്തിന് അയച്ചുകൊടുക്കുകയും പിന്നീട് ഡാനിഷ് എന്ന ഗായകന്‍ ഇത് ആലപിക്കുകയുമായിരുന്നു. സി.എം.എസ് മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പാരഡി ഗാനം പുറത്തിറക്കിയതോടെയാണ് തെരഞ്ഞെടുപ്പ് വേദികളിലെല്ലാം പ്രതിപക്ഷം ഈ ഗാനം പ്രചാരണ ആയുധമാക്കിയത്. നാസര്‍ കൂട്ടിലങ്ങാടിയാണ് പാട്ട് ഡബ്ബ് ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വമടക്കം ഈ പാരഡി ഗാനമേറ്റെടുത്തതോടെ വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുകയാണ്. യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഈ ഗാനം ആലപിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlight: Violation of rules; CPI(M) will file a complaint with the Election Commission against the parody song ‘Pottiye Kettiye’

Latest Stories

We use cookies to give you the best possible experience. Learn more