ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങള്‍ ലംഘിച്ച് യു.പി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി ദൈനിക് ജാഗരണ്‍ പത്രം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടു. തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ ഒരു മുന്നണിയ്ക്ക് മുന്‍ തൂക്കം നല്‍കി പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങള്‍ വോട്ടേഴ്‌സിനെ സ്വാധീനിക്കുമെന്നതിനാല്‍ ഫലങ്ങള്‍ പുറത്ത് വിടരുതെന്ന് നിയമമുള്ളപ്പോഴാണ് ദൈനിക് ജാഗരണ്‍ ഫലങ്ങള്‍ പുറത്ത് വിട്ടത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറു ഘട്ടങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്റെ നടപടി. 404 നിയമസഭാ മണ്ഡലങ്ങളില്‍ വെറും 73 സീറ്റുകളിലേക്കുള്ള വോട്ടിംങ് മാത്രമാണ് അവസാനിച്ചത്. ബി.എസ്.പിയക്കും സമാജ്‌വാദി- കോണ്‍ഗ്രസ് സഖ്യത്തിനും മുന്നില്‍ ഉത്തര്‍ പ്രദേശിലെ ഒന്നാമത്തെ പാര്‍ട്ടിയായി ബി.ജെ.പി വരുമെന്ന് സര്‍വേ ഫലങ്ങളായി പത്രം പുറത്ത് വിട്ടത്.
റിസോഴ്‌സ് ഡെവലപ്‌മെന്റ് ഇന്റര്‍നാഷണലി(ആര്‍.ഡി.ഐ.)ന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍വേ ഫലങ്ങള്‍ എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടേഴ്‌സിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലുള്ള സര്‍വേ ഫലമെന്ന അവകാശവാദവും പത്രം ഉന്നയിക്കുന്നുണ്ട്.
ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയുള്ള കാലയളവില്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള സര്‍വ്വേകള്‍ നടത്താനോ ഫലപ്രഖ്യാപനം പുറത്ത് വിടാനോ പാടില്ല. നേരത്തെ ഇതിനെതിരെ ഗോവയിലെ മാധ്യമ സ്ഥാപനം കോടതിയെ സമീപിച്ചിരുന്നെങ്കിലും ബോബൈ ഹൈക്കോടതി അപ്പീല്‍ തള്ളുകയായിരുന്നു.
38 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5,700 വോട്ടേഴ്‌സില്‍ നടത്തിയ സര്‍വേ ഫലമെന്ന പേരിലാണ് ദൈനിക് ജാഗരണ്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടങ്ങള്‍ ബാക്കി നില്‍ക്കേ പത്രം ബി.ജെ.പിക്കനുകൂലമായി സര്‍വേ ഫലങ്ങള്‍ പുറത്ത് വിട്ടത് അവരെ സഹായിക്കുവാന്‍ വേണ്ടിയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിക്കഴിഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഇടപെടണമെന്ന് മുന്‍ കമ്മീഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തിയും ആവശ്യപ്പെട്ടു.