| Sunday, 23rd August 2026, 11:18 am

റിലീസാകാത്ത പടത്തിലെ പാട്ട് കൊണ്ടുവന്ന് ട്രെന്‍ഡാക്കി, ബെത്‌ലഹേമിന് ശേഷം ആളുകള്‍ തേടിപ്പിടിച്ച് കേള്‍ക്കുന്ന 'യവനകഥയിലെ ഇടയകന്യക'

അമര്‍നാഥ് എം.

വിന്റേജ് പാട്ടുകള്‍ പുതിയ സിനിമയില്‍ ഉപയോഗിച്ച് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്ന ട്രെന്‍ഡ് അടുത്തിടെ സിനിമാലോകത്ത് സ്ഥിരം കാഴ്ചയായിരിക്കുകയാണ്. തമിഴില്‍ ലോകേഷ് ആരംഭിച്ച ഈ ട്രെന്‍ഡ് മലയാളത്തിലും ആവര്‍ത്തിക്കുകയാണ്. ഒരുപാട് ഹിറ്റ് ഗാനങ്ങള്‍ റീമിക്‌സ് ചെയ്തും അല്ലാതെയുമെല്ലാം പുതിയ സിനിമകളില്‍ പലരും പരീക്ഷിച്ച് വിജയിക്കുന്നുണ്ട്.

ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ഫീല്‍ഗുഡ് റോം കോം ഴോണറിലൊരുങ്ങിയ ചിത്രം ഓണം സീസണില്‍ വിജയിയായെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.

സിനിമയുടെ ഒഴുക്കിനൊപ്പം കാറ്റുപോലെ സഞ്ചരിക്കുന്ന സംഗീതമാണ് വിഷ്ണു വിജയ് ഒരുക്കിയത്. ഇതിനൊപ്പം ചിത്രത്തില്‍ ഉപയോഗിച്ച ഒരു വിന്റേജ് ഗാനവും പ്രേക്ഷകരുടെ ശ്രദ്ധ നേടി. നിവിന്‍ പോളിയുടെ ജസ്റ്റിനും മമിതയുടെ ആഷ്‌ലിയും ഒരുമിച്ച് കാറില്‍ പോകുന്ന സീനില്‍ പ്ലെയ്‌സ് ചെയ്ത ‘യവനകഥയിലെ’ എന്ന പാട്ടാണ് റിലീസിന് ശേഷം ചര്‍ച്ചയാകുന്നത്.

യേശുദാസും കെ.എസ് ചിത്രയും ചേര്‍ന്ന് ആലപിച്ച റൊമാന്റിക് ഡ്യൂവറ്റ് ഇപ്പോഴാണ് ശ്രദ്ധ നേടിയത്. ജോഷിയുടെ സംവിധാനത്തില്‍ അരവിന്ദ് സ്വാമി നായകനായ അന്ന എന്ന ചിത്രം വെളിച്ചം കാണാതെ പോവുകയായിരുന്നു. ഔസേപ്പച്ചന്‍ ഈണമിട്ട പാട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ അന്നയുടേതായി പുറത്തുവന്നിട്ടുള്ളത്. ബെത്‌ലഹേം കുടുംബ യൂണിറ്റിന് ശേഷം അന്ന എന്ന ചിത്രവും അതിലെ പാട്ടുകളും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി.

യൂട്യൂബില്‍ ‘യവനകഥയിലേ’ എന്ന പാട്ടിന്റെ കമന്റ് ബോക്‌സ് മുഴുവന്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടിട്ട് വന്നവരുടെ കമന്റുകളാണ്. ഇത്രയും നല്ലൊരു പാട്ട് വൈറലാവാന്‍ ഇത്രയും കാലം വേണ്ടിവന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വെളിച്ചം കാണാത്ത സിനിമയിലെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് സിനിമാലോകത്തെ ചര്‍ച്ച.

ലോകേഷ് കനകരാജടക്കം പല സംവിധായകരും റിലീസായ സിനിമയിലെ അണ്ടര്‍റേറ്റഡ് ഗാനങ്ങള്‍ ട്രെന്‍ഡാകുന്ന സമയത്ത് റിലീസാകാത്ത പടത്തിലെ പാട്ടിനെ വീണ്ടും വെളിച്ചത്തിലേക്ക് കൊണ്ടുവന്ന ഗിരീഷ് എ.ഡിയെയും പലരും പ്രശംസിക്കുന്നുണ്ട്. ‘യവനകഥയിലെ ഇടയകന്യക’ ഇനിയങ്ങോട്ട് പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Vintage song in Bethlehem Kudumba Unit trending in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more