നാടകത്തിലൂടെ അഭിനയ രംഗത്തെത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ കലാകാരനാണ് വിനോദ് കോവൂര്‍. കോഴിക്കോട് ജില്ലയിലെ കോവൂര്‍ സ്വദേശിയായ അദ്ദേഹം മഴവില്‍ മനോരമയിലെ മറിമായത്തിലൂടെയാണ് ശ്രദ്ധേയനായത്.
മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം80 മൂസ എന്ന ടെലി സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും വിനോദ് തന്നെയായിരുന്നു. മൂസയെന്ന കഥാപാത്രം അദ്ദേഹത്തിന് മലയാളികള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കി.
പണ്ട് സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ താന്‍ അധ്യാപകരെ അനുകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് വിനോദ് കോവൂര്‍. അധ്യാപകന്‍ ക്ലാസ് എടുത്ത് പോയാല്‍ താന്‍ അദ്ദേഹത്തെ അപ്പോള്‍ തന്നെ അനുകരിക്കുമായിരുന്നു എന്നാണ് നടന്‍ പറയുന്നത്.
എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന സമയത്ത് തനിക്ക് ഏറ്റവും പ്രയാസമുള്ള വിഷയം കണക്കായിരുന്നുവെന്നും പിന്നീട് കണക്കിന്റെ പുസ്തകം താനൊരു ആല്‍ബമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഒമ്പതാം ക്ലാസില്‍ നിന്ന് പത്താം ക്ലാസിലേക്ക് ജയിച്ച സമയത്ത് ഞാന്‍ ആ കണക്കിന്റെ പുസ്തകം കളയാതെ മറ്റൊരു കാര്യത്തിനായി ഉപയോഗിച്ചു. അതില്‍ എഴുതിവെച്ച കണക്കുകളൊന്നും എനിക്ക് കാണരുതായിരുന്നു. അതുകൊണ്ട് അതിലൊക്കെ ഞാന്‍ മമ്മൂട്ടിയുടെ ചിത്രമെടുത്ത് ഒട്ടിച്ചുവെച്ചു.
അതായിരുന്നു എന്റെ പണി. അതിനുവേണ്ടി മമ്മൂട്ടിയുടെ ചിത്രം പത്രത്തില്‍ നിന്നും മാസികയില്‍ നിന്നുമൊക്കെ ബ്ലേഡ് കൊണ്ട് വെട്ടിയെടുക്കുമായിരുന്നു. എന്നിട്ട് ചോറിന്റെ വറ്റ് തേച്ച് പശയാക്കി ഒട്ടിക്കും. അങ്ങനെ കണക്കിന്റെ പുസ്തകം ഒരു ആല്‍ബമാക്കി മാറ്റി,’ വിനോദ് കോവൂര്‍ പറയുന്നു.
Content Highlight: Vinod Kovoor says once he was not allowed to go to class because he imitated a teacher