| Saturday, 4th April 2026, 3:46 pm

ഞാനൊരുത്തന്‍ കഷ്ടപ്പെട്ടിട്ടാ ഈ കുടുംബം ഒരു വഴിക്ക് ആക്കുന്നത്, വാഴ 2ല്‍ ഞെട്ടിച്ച 'വാഴ'യായ അച്ഛന്‍

അമര്‍നാഥ് എം.

ഇന്‍സ്റ്റഗ്രാമിലെ ഒരുകൂട്ടം പിള്ളേര്‍ ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ചയാണ് വാഴ 2ന്റെ റിലീസിന് ശേഷം കാണാന്‍ സാധിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 20 കോടിയോളം കളക്ഷന്‍ നേടിയ ചിത്രം ഇനിയും ഒരുപാട് കുതിക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. പുതുമുഖ നടന്മാരും സംവിധായകരും ഒന്നിച്ച ചിത്രം ഈ വര്‍ഷത്തെ അടുത്ത 100 കോടിയാകാനും സാധ്യതയുണ്ട്.

ഒറ്റ സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങള്‍ പോലും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ഒരു കഥാപാത്രം പോലും അനാവശ്യമായി തോന്നിയിട്ടില്ലെന്നതും വാഴ 2ന്റെ വിജയമാണ്. ആദ്യഭാഗത്തില്‍ ഒരേ സ്വഭാവമുള്ള കുട്ടികളും രക്ഷിതാക്കളുമാണെങ്കില്‍ രണ്ടാം ഭാഗത്തില്‍ വ്യത്യസ്ത തരത്തിലുള്ള രക്ഷിതാക്കളാണ് ഹൈലൈറ്റ്.

ബിജുക്കുട്ടന്‍, സുധീഷ്, വിനോദ് കെടാമംഗലം എന്നിവരാണ് അച്ഛന്മാരായി വേഷമിട്ടത്. ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു മൂവര്‍ക്കും ലഭിച്ചത്. അതില്‍ എടുത്തുപറയേണ്ട ഒരാളാണ് വിനോദ് കെടാമംഗലം. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച വിനോദിന്റെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു ഇതില്‍.

നാട്ടിലെ എല്ലാ ആളുകളുടെ അടുത്ത് നിന്നും കടം വാങ്ങി, പണിക്കൊന്നും പോകാത്ത അച്ഛനാണ് ഈ ചിത്രത്തില്‍ വിനോദ് അവതരിപ്പിച്ച കഥാപാത്രം. ഭാര്യ നാട്ടിലെ ചിട്ടി പിടിച്ചും പച്ചക്കറി വിറ്റും കുടുംബം നോക്കുമ്പോഴും അയാള്‍ക്ക് കടങ്ങളൊന്നും വീട്ടണമെന്ന ചിന്തയില്ല. കടങ്ങള്‍ വീട്ടാന്‍ വേണ്ടി ആദ്യം മൂത്ത മകനെയും പിന്നീട് ഇളയ മകനെയും ദുബായിലേക്ക് പണിയെടുക്കാന്‍ വേണ്ടി അയക്കുകയാണയാള്‍.

എന്നാല്‍ രണ്ട് മക്കളെയും പണിക്ക് വിട്ട് വെറുതെ ഇരിക്കുമ്പോഴും അയാള്‍ പറയുന്ന ഡയലോഗാണ് ഹൈലൈറ്റ്. ‘ഞാനൊരുത്തന്‍ കഷ്ടപ്പെട്ടിട്ടാ ഈ കുടുംബം ഒരു വഴിക്ക് കൊണ്ടുപോകുന്നത്’ എന്ന് പലപ്പോഴായി പറയുമ്പോള്‍ ആ കഥാപാത്രത്തോട് വെറുപ്പ് തോന്നും. അവിടെയാണ് വിനോദ് എന്ന നടന്‍ വിജയിക്കുന്നത്.

സിനിമ അവസാനത്തോടടുക്കുമ്പോള്‍ അജിനും ദേവരാജും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പറയുന്ന ഡയലോഗില്‍ വിനോദിന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നുണ്ട്. ‘ആ വീട്ടില്‍ സോഫയില്‍ കാലിന്റെ മേലെ കാലും വെച്ച് മിച്ചറും തിന്ന് ഇരിക്കുന്ന അയാള്‍ കടം വീട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. നമ്മള്‍ അയച്ചുകൊടുക്കുന്ന പൈസയിലാണ് എല്ലാ കണ്ണും’ എന്ന ഡയലോഗും അതിന് ശേഷമുള്ള ഷോട്ടും ഗംഭീരമായിരുന്നു.

ചില വീടുകളില്‍ കാണാന്‍ സാധിക്കുന്ന ഗൃഹനാഥന്മാരുടെ മാതൃകയാണ് വിനോദിന്റെ കഥാപാത്രം. സ്വയം വലിയൊരു സംഭവമാണെന്ന് വിചാരിക്കുകയും വീട്ടിലെ എല്ലാവരെയും നിയന്ത്രിച്ച്, അവരെ പണിക്ക് വിട്ട് ജീവിക്കുന്ന ഇത്തരം ‘വാഴ’ കഥാപാത്രങ്ങളും വാഴ 2ന്റെ ഹൈലൈറ്റാണ്.

Content Highlight: Vinod Kedamangalam’s performance in Vaazha 2

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more