| Thursday, 16th April 2026, 12:05 pm

റൊണാള്‍ഡോക്ക് ശേഷം അപൂര്‍വ നേട്ടം; തോറ്റ മത്സരത്തിലും ചരിത്രമെഴുതി വിനീഷ്യസ് ജൂനിയര്‍

Sudev A

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ 4-3 എന്ന ആവേശകരമായ സ്‌കോറിനാണ് ഹോം ടീമിന്റെ വിജയം.

റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന ആദ്യ പാദ മത്സരത്തിലും ബയേണ്‍ വിജയിച്ചിരുന്നു. ആദ്യ പാദത്തില്‍ 2-1നായിരുന്നു ജര്‍മന്‍ വമ്പന്‍മാരുടെ വിജയം. ഇരു പാദങ്ങളിലുമായി 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറിന്റെ ആധിപത്യവുമായാണ് ബയേണ്‍ സെമി ഫൈനലിലേക്ക് കുതിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റയല്‍ പുറത്തായെങ്കിലും സീസണിലുടനീളം ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ നടത്തിയ മിന്നും പ്രകടനങ്ങളാണ് ഏറെ ശ്രദ്ധേയമായത്. റയലിന് വേണ്ടി ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയാണ് വിനീഷ്യസ് ജൂനിയര്‍ മടങ്ങുന്നത്.

ഈ സീസണിലും പത്തിലധികം ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍സ് റയലിനൊപ്പം സ്വന്തമാക്കിയതോടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചോ അതിലധികമോ സീസണില്‍ 10+ ഗോള്‍ സംഭാവനകള്‍ നല്‍കുന്ന രണ്ടാമത്തെ റയല്‍ മാഡ്രിഡ് താരമായും വിനീഷ്യസ് മാറി.

ഇതിന് മുമ്പായി ഈ നേട്ടത്തിലെത്തിയ ഏക താരം പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 2012 മുതല്‍ 2017 വരെയുള്ള തുടര്‍ച്ചയായ ആറ് സീസണുകളിലാണ് റൊണാള്‍ഡോ ഈ അമ്പരിപ്പിക്കുന്ന ഗോള്‍ വേട്ട നടത്തിയത്. 2021 മുതല്‍ ഇതുവരെയുള്ള അഞ്ച് സീസണുകളില്‍ വിനീഷ്യസ് 10+ ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍സ് തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

അലയന്‍സ് അരീനയില്‍ മത്സരം തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ അര്‍ധ ഗുലറിലൂടെ റയല്‍ ലീഡ് നേടി. എന്നാല്‍ ഈ ഗോളിന് കുറച്ച് മിനിട്ടുകള്‍ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ആറാം മിനിട്ടില്‍ അലക്‌സാണ്ടര്‍ പാവ് ലോവിച്ചിലൂടെ ബയേണ്‍ ഗോള്‍ തിരിച്ചടിച്ചു.

മത്സരത്തിന്റെ 29ാം മിനിറ്റില്‍ ഗുലര്‍ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. 38ാം മിനിറ്റില്‍ ഹാരി കെയ്നിലൂടെ വീണ്ടും ബയേണ്‍ ഒപ്പമെത്തി. എന്നാല്‍ 42ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ 3-2 എന്ന സ്‌കോര്‍ ലൈനില്‍ റയല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 89ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ ബയേണ്‍ മൂന്നാം ഗോളും നേടി സമനില പിടിച്ചു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മൈക്കല്‍ ഒലീസിന്റെ ഗോളിലൂടെ ബയേണ്‍ ത്രില്ലര്‍ വിജയം സ്വന്തമാക്കി. 86ാം മിനിറ്റില്‍ എഡ്വേര്‍ഡോ കാമവിംഗ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതും റയലിന് തിരിച്ചടിയായി. മത്സരശേഷം റഫറിയുമായുള്ള വാക്കേറ്റത്തിന് പിന്നാലെ ഗുലറിനും റെഡ് കാര്‍ഡ് ലഭിച്ചു.

അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയാണ് ബയേണ്‍ മ്യൂണിക്കിന്റെ എതിരാളികള്‍. ഏപ്രില്‍ 29നാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ഏപ്രില്‍ 30ന് നടക്കുന്ന മറ്റൊരു സെമിയില്‍ ആഴ്സണല്‍ അത്‌ലറ്റികോ മാഡ്രിഡിനെയും നേരിടും.

Content Highlight: Vinicius Junior In Great Record Achievement In Champions League

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more