വിദ്യാലയങ്ങളിലെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റത്തിന് തുടക്കം കുറിച്ച സിനിമയാണ് സ്താനാര്‍ത്തി ശ്രീകുട്ടന്‍. സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നെങ്കിലും ഒ.ടി.ടിയില്‍ എത്തിയ ശേഷം ചര്‍ച്ചചെയ്യപ്പെട്ടു. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ സിനിമ അന്യഭാഷകളിലും ചര്‍ച്ചാവിഷയമായിരുന്നു.
ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനേഷ് വിശ്വനാഥ്. പഠിപ്പിസ്റ്റ് കഥാപാത്രം വില്ലനാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
‘പഠിക്കുന്ന സമയത്ത് ഞാനുമൊരു ബാക് ബെഞ്ചര്‍ ആയിരുന്നു. ഉയരവും അതിലൊരു ഘടകമാണ്. അലമ്പുമല്ല, വലിയ പഠിക്കുന്നയാളുമല്ല. രണ്ടിനും ഇടയില്‍ നില്‍ക്കുന്ന ആളായിരുന്നു. എന്റെ ജീവിതത്തില്‍ ഒരുപാട് ശ്രീക്കുട്ടന്മാരെ കണ്ടിട്ടുണ്ട്. ചിത്രത്തിലേതുപോലത്തെ അധ്യാപകനും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നോടുള്ള സാറിന്റെ പെരുമാറ്റവും മറ്റ് കുട്ടികളോടുള്ള പെരുമാറ്റവും തമ്മിലുള്ള വ്യത്യാസം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഞങ്ങള്‍ നാല് എഴുത്തുകാരുടെയും അനുഭവങ്ങളില്‍നിന്നാണ് കഥാപാത്രങ്ങള്‍ സംഭവിക്കുന്നത്. നാലുപേര്‍ക്കും ഈ സാറിനെപ്പോലുള്ളവരുടെ കഥ പറയാനുണ്ടായിരുന്നു. ശ്രീക്കുട്ടന്റെ ഭാഗത്തുനിന്ന് കഥ പറയുമ്പോള്‍ അമ്പാടിക്ക് വില്ലന്‍ പരിവേഷം ലഭിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പഠിപ്പിസ്റ്റുകളെ വില്ലന്മാരാക്കുന്ന സ്ഥിരം ക്ലീഷേ ഒഴി വാക്കണമെന്നുണ്ടായിരുന്നു. തുല്യതയെക്കുറിച്ചാണല്ലോ നമ്മള്‍ പറയു ന്നത്. ഒരു സന്ദേശം നല്‍കാനായി സിനിമയെടുത്താല്‍ ആ സന്ദേശത്തെ വില്‍ക്കുന്നു എന്നതാണര്‍ഥം. ഞാന്‍ ആ സന്ദേശം വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെയൊരു ആഗ്രഹം ഇനി മുന്നോട്ടുമില്ല,’ വിനേഷ് പറയുന്നു.
ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമായ അധ്യാപകന്‍ തങ്ങള്‍ നാല് എഴുത്തുകാരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ഷോര്‍ട് ഫിലിം എന്ന ചിന്തയില്‍നിന്ന് സിനിമയിലേക്ക് എത്തുമ്പോള്‍ ആ അധ്യാപകന്റെ ആവശ്യം ചിത്രത്തിന് ഉണ്ടെന്ന് മനസിലാക്കിയെന്നും അദ്ദേഹം പറയുന്നു.
Content Highlight: Vinesh Viswanath says taht A child who studies well should not be a villain in sthanarthi sreekuttan