| Thursday, 27th November 2025, 6:22 pm

കാന്താരയുടെ സെറ്റില്‍ വാട്ടര്‍ കാന്‍ വന്നത് അവരുടെ മിസ്റ്റേക്ക് കാരണം, ആരുടെയും ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു: വിനേഷ് ബംഗ്ലാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് ബംഗ്ലാന്‍. ലോകഃ, കാന്താര ചാപ്റ്റര്‍ വണ്‍, കുറുപ്പ് തുടങ്ങിയ സിനിമകളുടെ ലോകം സൃഷ്ടിച്ച ബംഗ്ലാന്‍ കമ്മാര സംഭവത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ കാന്താര ചാപ്റ്റര്‍ വണ്ണിനെക്കുറിച്ച് സംസാരിക്കുകയാണ് ബംഗ്ലാന്‍.

രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന പ്രോസസ്സായിരുന്നു കാന്താരയുടേതെന്ന് ബംഗ്ലാന്‍ പറഞ്ഞു. ക്രൂവിനൊപ്പം കുന്ദാപുരയില്‍ താമസിച്ച് ആ സ്ഥലത്തിന്റെ പ്രത്യേകതകളെല്ലാം പഠിച്ചെടുക്കാന്‍ തന്നെ ഒരുപാട് സമയം വേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ സീനിനും വേണ്ട രീതിയില്‍ സെറ്റ് ഡിസൈന്‍ ചെയ്യുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നെന്നും വിനേഷ് ബംഗ്ലാന്‍ പറയുന്നു.

‘ഈ പടത്തിന്റെ ഒരു റീല്‍ ഈയടുത്ത് വൈറലായി. പാട്ടിലെ ഒരു സീനില്‍ വാട്ടര്‍ കാന്‍ വെച്ചത് കണ്ടുപിടിച്ച റീലായിരുന്നു അത്. സത്യം പറഞ്ഞാല്‍ ഫുഡ് കൊണ്ടുവന്ന പ്രൊഡക്ഷന്‍ ടീമിന്റെ മിസ്റ്റേക്കാണ് ആ സീനില്‍ കണ്ടത്. ആരുടെയും ശ്രദ്ധയില്‍ ആ കാന്‍ പെട്ടിട്ടില്ലായിരുന്നു. വീഡിയോ സോങ് പുറത്തിറങ്ങിയപ്പോഴാണ് ആ മിസ്‌റ്റേക്ക് ആരോ കാണിച്ചുതന്നത്.

അപ്പോള്‍ തന്നെ ഞങ്ങള്‍ ആ വാട്ടര്‍ കാന്‍ വി.എഫ്.എക്‌സ് ഉപയോഗിച്ച് മായ്ച്ചുകളഞ്ഞു. വീഡിയോ സോങ്ങിലും അത് കളഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാല്‍ പോസ്റ്റ് പ്രൊഡക്ഷനില്‍ പോലും എഡിറ്റര്‍ അത് കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അത്രയും വലിയ സെറ്റും ബാക്കി കാര്യങ്ങളുമൊക്കെ നോക്കുന്നതിനിടക്ക് ഇത് ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയം കിട്ടീല’ ബംഗ്ലാന്‍ പറഞ്ഞു.

ചിത്രത്തിനായി റിഷബ് ഷെട്ടി നടത്തിയ കഠിനാധ്വാനത്തെക്കുറിച്ചും ബംഗ്ലാന്‍ സംസാരിച്ചു. ആയിരത്തിലധികം ആളുകള്‍ വരുന്ന ഒരു ക്രൂവിനെ നിയന്ത്രിക്കുകയും കഥാപാത്രമായി പെര്‍ഫോം ചെയ്യുന്നതും ഒരുമിച്ച് കൊണ്ടുപോയത് നിസാര കാര്യമല്ലെന്ന് അദ്ദേഹം പറയുന്നു. ആ അധ്വാനത്തിനുള്ള റിസല്‍ട്ടാണ് സിനിമയുടെ വിജയമെന്നും ബംഗ്ലാന്‍ കൂട്ടിച്ചേര്‍ത്തു.

‘അത്രയും വലിയ ക്രൂവിനെ നിയന്ത്രിക്കുക എന്നത് തന്നെ വലിയൊരു ടാസ്‌കാണ്. പിന്നെ ക്യാരക്ടറിന് വേണ്ടി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ എല്ലാവരും കണ്ടതാണല്ലോ. എല്ലാദിവസവും മിനിമം 500 പേരെങ്കിലും സെറ്റിലുണ്ടാകും. സിനിമയോടുള്ള പാഷനാണ് അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. രാത്രിയും പകലും ഈ സിനിമക്ക് വേണ്ടി മാറ്റിവെക്കുകയായിരുന്നു,’ ബംഗ്ലാന്‍ പറയുന്നു.

Content Highlight: Vinesh Banglan about the Water Can scene in Kantara Chapter One

We use cookies to give you the best possible experience. Learn more