ഗിരീഷ് എ.ഡിയുടെ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്മാരിലൊരാളാണ് വിനീത് വിശ്വം. അങ്കമാലി ഡയറീസിലെ മുഴുനീള വേഷം ചെയ്തുകൊണ്ട് കടന്നുവന്ന വിനീത് സൂപ്പര്‍ ശരണ്യ, ഐ ആം കാതലന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും വിനീത് ചെറിയവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
ജോയലിന്റെ ഷോർട്ട് ഫിലിമിലെ നായകനായ നന്ദൻ വെങ്കിടങ്ങായിട്ടാണ് വിനീത് വേഷമിട്ടത്. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഷോർട്ട് ഫിലിമിലും വിനീത് കൈയടി നേടുന്നുണ്ട്. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഗിരീഷ് എ.ഡി.യെ കുറിച്ച് സംസാരിക്കുകയാണ് വിനീത് വിശ്വം.
വിനീത് വിശ്വം. Photo. Screen Grab/ Youtube
ഗിരീഷിന്റെ കൂടെ സിനിമ കാണാൻ പോകുന്നത് ഭയങ്കര തമാശയാണെന്ന് പറയുകയാണ് വിനീത്. കാരണം സിനിമകളിൽ കണ്ടുവരുന്ന ചില ക്ലീഷേ കാര്യങ്ങൾ കണ്ടുപിടിക്കാൻ ഒരു പ്രത്യേക കഴിവ് ഗിരീഷിനുണ്ടെന്ന് തുറന്നുപറയുകയാണ് നടൻ. ഒരുപക്ഷേ വളരെ ഗൗരവമുള്ള സിനിമകൾ കാണാൻ പോയാലും ഗിരീഷിന്റെ ഇത്തരം ചില കണ്ടുപിടിത്തങ്ങൾ കാണുമ്പോൾ അത് ശരിയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരിക്കും എന്നും വിനീത് പറഞ്ഞു.
ഗിരീഷ് എ.ഡി. Photo. X.com
‘ഗിരീഷിന്റെ കൂടെ കുറെ പടങ്ങൾ കാണാൻ പോയിട്ടുണ്ട്. ചിലപ്പോൾ സീരിയസ് പടമൊക്കെ ആയിരിക്കും ഞങ്ങൾ കാണാൻ പോകുന്നത്. പക്ഷെ തിയേറ്ററിൽ എത്തിയാൽ നമ്മൾ ചിരിച്ച് ചിരിച്ച് ചാവും. അവൻ ഈ സിനിമയിലെ ചില സിനിമാറ്റിക് കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ നമുക്ക് ചിരിച്ച് വയ്യാതാകും.
ചിലപ്പോൾ ഭയങ്കര ഹിറ്റായ പടമായിരിക്കും, ഇവൻ അതിൽ ഓരോ സാധനങ്ങൾ കണ്ടുപിടിക്കുമ്പോൾ ആ പുള്ളി പറയുന്നത് ശരിയാണല്ലോ എന്ന് തോന്നിപ്പോകും. പുള്ളിക്ക് ക്ലീഷേ കണ്ടുപിടിക്കാൻ ഭയങ്കര കഴിവാണ്, മാത്രവുമല്ല അത് തമാശരൂപേണ അവതരിപ്പിക്കാനും പറ്റും,’ നടൻ പറഞ്ഞു.
ഗിരീഷ് എ.ഡി.യുമായി സംസാരിക്കുമ്പോൾ ഇടയിൽ ഉദാഹരണമായി ചില റെഫറൻസുകൾ ഉപയോഗിക്കുന്നതിലും കഴിവുള്ള ആളാണെന്ന് വിനീത് കൂട്ടിച്ചേർത്തു. പിന്നീട് ആ സംഭാഷണത്തിനിടയിൽ കേട്ട പലതും ഓർത്തുവെച്ച് മറ്റ് സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നവർക്ക് കൃത്യമായി അത് വർക്ക് ആകാറുണ്ടെന്നും നടൻ പറഞ്ഞു.
‘നമ്മൾ സംസാരിക്കുമ്പോഴും ഒരുപാട് റെഫറൻസുകൾ ഗിരീഷ് ഉപയോഗിക്കാറുണ്ട്. അതിനും പുള്ളിക്ക് പ്രത്യേക കഴിവാണ്. ചിലപ്പോൾ ഗിരീഷ് പറഞ്ഞ കാര്യങ്ങൾ നമ്മൾ ഓർത്തുവെക്കും. എന്നിട്ട് നമ്മൾ എപ്പോഴെങ്കിലും സംസാരിക്കുമ്പോൾ ആ സാധനം തിരിച്ച് ഉപയോഗിക്കുമ്പോൾ അത് നമ്മുടെ സിറ്റുവേഷനിൽ വർക്ക് ആകാറുമുണ്ട്,’ വിനീത് വിശ്വം പറഞ്ഞു.