| Friday, 4th September 2026, 8:22 pm

അരുണ്‍ സാറിന്റെ പെണ്ണ് കേസ് എന്തായി എന്നായിരുന്നു കുറേക്കാലം വന്ന കമന്റുകള്‍, ഇപ്പോള്‍ വാഷിങ് മെഷിനെക്കുറിച്ചാണ് ചോദിക്കുന്നത്: വിനീത് വിശ്വം

അമര്‍നാഥ് എം.

അങ്കമാലി ഡയറീസിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് വിനീത് വിശ്വം. ഭീമന്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച തുടക്കമാണ് വിനീതിന് ലഭിച്ചത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ വിനീത് ശ്രദ്ധ നേടി. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയിലെ അരുണ്‍ സാറും വിനീതിന്റെ കരിയറില്‍ നാഴികക്കല്ലായി മാറി.

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലും മികച്ച പ്രകടനമാണ് വിനീത് കാഴ്ചവെച്ചത്. ജോയലിന്റെ ഷോര്‍ട്ട് ഫിലിമില്‍ നായകനായ നന്ദന്‍ വെങ്കിടങ്ങായാണ് വിനീത് വേഷമിട്ടത്. ബെത്‌ലഹേമിന്റെ പ്രൊമോഷന്റ ഭാഗമായി പുറത്തുവിട്ട സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയത്തിലും വിനീത് അപാര പെര്‍ഫോമന്‍സ് കാഴ്ചവെച്ചിട്ടുണ്ട്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് ഹിറ്റായതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് വിശ്വം. അങ്കമാലി ഡയറീസിന് ശേഷം ഒരുപാട് സിനിമകള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം കിട്ടിയത് സൂപ്പര്‍ ശരണ്യയിലായിരുന്നെന്ന് വിനീത് പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു താരം.

അങ്കമാലിയിലെ ഭീമന്‍ ഒരുപാട് ഹിറ്റായെങ്കിലും പിന്നീട് അതുപോലെ ശ്രദ്ധിക്കപ്പെടുന്ന വേഷം കിട്ടിയത് സൂപ്പര്‍ ശരണ്യയിലായിരുന്നു. ഭീമനെ അറിയാത്തവര്‍ക്ക് പോലും അരുണ്‍ സാറിനെ അറിയാം. കുറെക്കാലം ആ കഥാപാത്രത്തിന്റെ പേരിലായിരുന്നു അറിയപ്പെട്ടത്. കരിയറിലെ വലിയൊരു ബ്രേക്ക്ത്രൂ ആയിരുന്നു അരുണ്‍ സാര്‍. എന്ത് പോസ്റ്റിട്ടാലും അരുണ്‍ സാറിനെക്കുറിച്ചാണ് ചോദ്യം. ‘ചേട്ടാ, മസ്‌കാര കിട്ടിയോ’, ‘സാറിന്റെ പെണ്ണ് കേസ് എന്തായി’ എന്നൊക്കെയാണ് ഓരോരുത്തര്‍ ചോദിച്ചത്.

ഇപ്പൊ അത് മാറി. വാഷിങ് മെഷീനിനെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ‘നന്ദന്‍ജീ, വാഷിങ് മെഷീന്‍ കിട്ടിയോ’, ‘ജോയല്‍ പറ്റിച്ചോ’ എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്. ഷോര്‍ട്ട് ഫിലിം ചെയ്യുന്നവര്‍ക്ക് പൈസക്ക് പകരം ഇങ്ങനെ ഓരോന്ന് കൊടുക്കുന്നത് പതിവാണ്. ഇപ്പൊ ഇന്‍സ്റ്റയില്‍ കൊളാബ് ചെയ്യുന്നവര്‍ക്ക് ഫോണൊക്കെ കൊടുക്കുന്നുണ്ടല്ലോ. അതുപോലെയാണ് ഇതും,’ വിനീത് വിശ്വം പറയുന്നു.

ഷോര്‍ട്ട് ഫിലിമിന്റെ പിന്നാലെ ഒരുപാട് അലഞ്ഞിട്ടുണ്ടായിരുന്നെന്നും താരം പറഞ്ഞു. അങ്കമാലിക്ക് മുമ്പ് ഒരുപാട് സിനിമകളില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ടായിരുന്നെന്നും ഒളിപ്പോര് സിനിമയില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ഗിരീഷ് എ.ഡിക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് കംഫര്‍ട്ടബിളാണെന്നും താരം പറയുന്നു.

Content Highlight: Vineeth Vishwam about the comments he got from Social Media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more