| Thursday, 4th June 2026, 8:50 pm

മാത്തന്‍ ചേട്ടനാ മോളെ, നീ എന്റെ കൂടെ പോര്... വന്നവരും നിന്നവരും സ്‌കോര്‍ ചെയ്ത സ്പായില്‍ താരമായി പൂക്കി മാത്തന്‍ ചേട്ടന്‍

അമര്‍നാഥ് എം.

മലയാളികളുടെ കപട സദാചാര ബോധത്തെ ആക്ഷേപിച്ചുകൊണ്ട് എബ്രിഡ് ഷൈന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് സ്പാ. പുറമെ മാന്യത നടിക്കുകയും എന്നാല്‍ ആത്മസംതൃപ്തിക്കായി പലതും ചെയ്യുന്ന ചില പുരുഷന്മാരെ കണക്കിന് പരിഹസിച്ചുകൊണ്ടാണ് എബ്രിഡ് സ്പാ ഒരുക്കിയത്. എറണാകുളം നഗരത്തിലെ സ്പായില്‍ ഒരുദിവസം എത്തുന്ന ഒരു കൂട്ടമാളുകളിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞുപോകുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്‍, മേജര്‍ രവി, വിജയ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രുതി മേനോന്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ ഷോ സ്റ്റീലറായത് വിനീത് തട്ടിലാണ്. നിഷ്‌കളങ്കനായ മാത്തന്‍ എന്ന തടിപ്പണിക്കാരനായാണ് വിനീത് തട്ടില്‍ സ്പായില്‍ വേഷമിട്ടത്. ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന് ഒരേയൊരു കഥാപാത്രവും മാത്തനാണ്.

സ്പാ Photo: Theatrical poster

ആദ്യാമായി സ്പായില്‍ എത്തുന്ന, സ്ത്രീകളോട് അടുത്ത് ഇടപഴകാത്ത മാത്തനോട് ആദ്യമായി സ്‌നേഹത്തില്‍ ഇടപഴകുന്നത് സ്പായിലെ ജീവനക്കാരിയായ റിയയാണ്. കസ്റ്റമറിനോട് സ്‌നേഹത്തോടെ പെരുമാറുന്ന റിയയോട് മാത്തന് പ്രണയം തോന്നുന്നു. മസാജ് അവസാനിച്ചിട്ടും വീണ്ടും സ്പായിലേക്കെത്തി റിയയോട് തന്റെ പ്രണയം പറയുന്ന സീനെല്ലാം ഗംഭീരമായിരുന്നു.

വിനീത് തട്ടില്‍ എന്ന നടന്റെ ഗംഭീര പ്രകടനമാണ് സ്പായെ താങ്ങിനിര്‍ത്തിയ പ്രധാന ഘടകം. ആജാനുബാഹുവായ ശരീരവും കളങ്കമില്ലാത്ത മനസുമുള്ള മാത്തന്‍ വിനീതില്‍ ഭദ്രമായിരുന്നു. അങ്കമാലി സ്ലാങ്ങിലുള്ള ഡയലോഗ് ഡെലിവറിയും മാത്തനെ കൂടുതല്‍ ഗംഭീരമാക്കി. മസാജ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം റിസപ്ഷനിലെ പെണ്‍കുട്ടികളോട് ‘ഞാന്‍ ആദ്യായിട്ടാണ്, വിനോദ് വിളിച്ചിട്ട് വന്നതാ’ എന്ന് പറയുന്ന ഭാഗമെല്ലാം ഗംഭീരമായിരുന്നു.

വിനീത് തട്ടില്‍ Photo; Manorama Max

ലിജോ ജോസ് പെല്ലിശ്ശേരി മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരിലൊരാളാണ് വിനീത് തട്ടില്‍. അങ്കമാലി ഡയറീസില്‍ പെരുമ്പാമ്പിനെ കറിവെച്ച് തിന്നുന്ന കാടന്‍ ബെന്നിയില്‍ നിന്ന് സ്പായിലെ മാത്തനിലേക്കെത്തുമ്പോള്‍ അയാള്‍ ഒരിടത്തും പ്രേക്ഷകരെ മടുപ്പിച്ചിട്ടില്ല. തങ്കം, മധുവിധു, മന്ദാകിനി, ആട് 2, അയ്യപ്പനും കോശിയും എന്നീ സിനിമകളില്‍ വിനീതിന്റെ മികച്ച പ്രകടനമായിരുന്നു കാണാന്‍ സാധിച്ചത്.

നെല്‍സണ്‍ അണിയിച്ചൊരുക്കുന്ന ജയിലര്‍ 2ലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് വിനീത് തട്ടില്‍. ഈ വര്‍ഷത്തെ ആദ്യ സിനിമയില്‍ തന്നെ മികച്ച വേഷമാണ് വിനീതിന് ലഭിച്ചത്. സ്പായുടെ ഒ.ടി.ടി റിലീസിന് ശേഷം മാത്തന്‍ ചേട്ടന്റെ മീമുകളാണ് സോഷ്യല്‍ മീഡിയയില്‍ പല പേജുകളിലും നിറഞ്ഞുനില്‍ക്കുന്നത്.

Content Highlight: Vineeth Thattil’s performance in Spa movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more