| Sunday, 22nd January 2023, 4:48 pm

ഞാന്‍ ചൂടാകുമ്പോള്‍ അവന്‍ തിരിഞ്ഞ് നില്‍ക്കും, എന്താണ് ചെയ്യുന്നതെന്ന് അറിയില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകളില്‍ നായകനായെത്തിയത് നിവിന്‍ പോളിയായിരുന്നു. സിനിമക്ക് പുറത്ത് ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് ചിലപ്പോഴൊക്കെ താന്‍ അസിസ്റ്റന്‍സിനോട് ദേഷ്യപ്പെടാറുണ്ടെന്നും അത് കാണുമ്പോള്‍ നിവിന്‍ തിരിഞ്ഞ് നിക്കാറാണ് പതിവെന്നും വിനീത് പറഞ്ഞു.

തങ്കം എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വിനീത് ദേഷ്യപ്പെടുമ്പോള്‍ താന്‍ ചിരിക്കുമെന്ന് പറയുന്ന നിവിന്‍ പോളിയുടെ പഴയൊരു വീഡിയോ കാണിച്ച് അവതാരകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘ഞാന്‍ ചൂടാകുമ്പോള്‍ നിവിന്‍ തിരിഞ്ഞ് നില്‍ക്കും. അവന്‍ തിരിഞ്ഞ് നിന്ന് എന്താ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. അല്ലാതെ ഞാന്‍ ദേഷ്യപ്പെടുന്നത് കണ്ടിട്ട് അവന്‍ ചിരിക്കുന്നതൊന്നും കണ്ടിട്ടില്ല. ഞാന്‍ ഡയറക്ട് ചെയ്യുമ്പോഴാണ് കുറച്ചെങ്കിലും ചൂടാകുന്നത്. എന്നാല്‍ പോലും ഞാന്‍ അഭിനേതാക്കളോട് ഒന്നും ദേഷ്യപ്പെടാറില്ല.

അഭിനേതാക്കളുടെ അടുത്ത് അത്തരത്തില്‍ ചൂടാകേണ്ട ഒരു സാഹചര്യം വന്നിട്ടില്ല. പിന്നെ അങ്ങനെ വന്നാലും ചെയ്യില്ല. കൂടുതലും തെറ്റുകള്‍ വരുന്നത് ടെക്‌നീഷ്യന്മാരുടെ കയ്യില്‍ നിന്നുമായിരിക്കും. അങ്ങനെ ആസോസിയേറ്റ്‌സിനെയാണ് ചിലപ്പോഴെങ്കിലും വഴക്ക് പറയുന്നത്. ഷൂട്ട് നടക്കുമ്പോള്‍ പെട്ടെന്ന് ലൈറ്റ് പോകുന്ന സാഹചര്യമൊക്കെ വരാറുണ്ട്. പുലര്‍ച്ച എടുക്കേണ്ട സീനൊക്കെ വരുമ്പോള്‍ എന്തെങ്കിലും ചെറിയ തെറ്റൊക്കെ പറ്റിയാല്‍ ലൈറ്റ് പോയിട്ട് ആ സീന്‍ മുഴുവന്‍ കുളമാകും.

അങ്ങനെയൊക്കെ വരുമ്പോള്‍ എനിക്ക് പേടിയും വെപ്രാളവുമൊക്ക വരും. അങ്ങനെ വരുമ്പോള്‍ ദേഷ്യപ്പെട്ട് പോകുന്നതാണ്. പണ്ടൊക്കെ എനിക്ക് പെട്ടെന്ന് ദേഷ്യമൊക്കെ വരുമായിരുന്നു. അതൊക്കെ ചെറിയ പ്രശ്‌നമായിരുന്നു. പിന്നെ പതിയെ പതിയെ അതെല്ലാം ഞാന്‍ മാറ്റിയെടുത്തതാണ്. ധ്യാനും അങ്ങനെയായിരുന്നു ആദ്യമൊക്കെ ഭയങ്കരമായി ദേഷ്യപ്പെടുമായിരുന്നു, പിന്നീട് അതൊക്കെ മാറ്റിയെടുത്തതായിരുന്നു,’ വിനീത് ശ്രീനിവാസന്‍

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയാണ് തങ്കം . ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുകയും ജ്വല്ലറികളില്‍ എത്തിക്കുകയും ചെയ്യുന്ന യുവാക്കളായിട്ടാണ് ബിജു മേനോനും വിനീതും ചിത്രത്തില്‍ എത്തുന്നത്. വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

content highlight: vineeth sreenivasan talks about nivin pauly

Latest Stories

We use cookies to give you the best possible experience. Learn more