| Saturday, 20th September 2025, 2:10 pm

ഫീല്‍ഗുഡ് മാറ്റിപ്പിടിക്കണമെന്ന് ആഗ്രഹിച്ചിരുന്ന സമയം; എനിക്ക് വേണ്ടി ഒരു വര്‍ഷം അവന്‍ കാത്തിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വരാന്‍ പോകുന്ന കരം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന കരം ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നത്.

കരം യഥാര്‍ത്ഥത്തില്‍ നോബിള്‍ സംവിധാനം ചെയ്ത്, അഭിനയിക്കാന്‍ വേണ്ടി അദ്ദേഹം തന്നെ എഴുതിയ തിരക്കഥയാണെന്ന് വിനീത് പറയുന്നു. രേഖാ മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2023ലാണ് ഞാന്‍ സിനിമയുടെ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്. നോബിള്‍ ഈ കഥ പല പ്രൊഡ്യൂസേഴ്‌സിന്റെ അടുത്തും സമീപിച്ചിരുന്നു. ഹെലന്റെ ഹിന്ദി റീമേക്കായിരുന്ന മിലിയുടെ വര്‍ക്കിന് ശേഷമാണ് നോബിള്‍ കരത്തിന്റെ പ്രൊജക്ടിലേക്ക് തിരിഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രീയില്‍ നില്‍ക്കുന്ന സമയത്താണ് ഈ സിനിമയുടെ കഥ ഞാന്‍ കേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞാല്‍ പിന്നെ ഫീല്‍ ഗുഡ് ഒന്ന് മാറ്റി പിടിച്ച് ഒരു ത്രില്ലര്‍ ചെയ്യണമെന്ന് അപ്പോള്‍ എന്റെ മൈന്‍ഡില്‍ ഉണ്ടായിരുന്നു.

എനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു ത്രില്ലര്‍ ചെയ്യണമെന്നുണ്ട് എന്ന് ആ സമയത്ത് ഞാന്‍ നോബിളിന്റെ അടുത്ത് പറഞ്ഞിരുന്നു. ഒരു കൊല്ലം വെയ്റ്റ് ചെയ്താല്‍ ഈ സിനിമ ഞാന്‍ ചെയ്യാം എന്ന് പറഞ്ഞപ്പോള്‍, നീ ചെയ്യുകയാണെങ്കില്‍ ഒരു കൊല്ലം ഞാന്‍ വെയിറ്റ് ചെയ്യാം’ എന്ന് നോബിള്‍ പറഞ്ഞു.

വിദേശ രാജ്യങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് കരം സിനിമയുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

നോബിള്‍ ബാബു തോമസ്, രേഷ്മ സെബാസ്റ്റ്യന്‍, മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവര്‍ സിനിമയില്‍ അഭിനയിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ കീഴില്‍ വിശാഖ് സുബ്രഹ്‌മണ്യവും ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്  രഞ്ജന്‍ എബ്രഹാമാണ്. ഷാന്‍ റഹ്‌മാനാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രം 2025 സെപ്റ്റംബര്‍ 25 ന് റിലീസ് ചെയ്യും.

Content highlight: Vineeth Sreenivasan talks about his upcoming film Karam

We use cookies to give you the best possible experience. Learn more