ചുരുങ്ങിയ കാലത്തിനുള്ളിൽ സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. നടൻ, സംവിധായകൻ, പാട്ടുകാരൻ എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിന് ചേരും.
നിവിൻ പോളി, അജു വർഗീസ് അടക്കം വിനീതിന്റെ കരം പിടിച്ച് സിനിമയിലേക്ക് കടന്നുവന്നവർ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ പുതിയ സിനിമ കരം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ സൗഹൃദത്തെക്കുറിച്ചും ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
‘ഞാനും നോബിളും (കരത്തിലെ നായകൻ) ഒരുമിച്ച് പഠിച്ചവരാണ്. പഠിക്കുന്ന സമയത്തേ അവന് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നു. എൻഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയപ്പോൾ ജോലിയുമായി അവൻ മുന്നോട്ട് പോയി. ആർകിടെക്ടറായിരുന്നു. തുടക്കം മുതലുള്ള എന്റെ സിനിമായാത്രയിലെല്ലാം നോബിളിന്റെ കൂട്ടുണ്ടായിരുന്നു.
നോബിളിന്റെ വീട്ടിലെ ബാൽക്കണിയിലിരുന്നാണ് പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ… എന്ന വരികളെല്ലാം ഞാനെഴുതിയത്. തട്ടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത് നോബിളുമുണ്ടായിരുന്നു. അന്നവൻ പറഞ്ഞു, സിനിമയുടെ അണിയറ പ്രവർത്തനം രസമുള്ള ജോലിയാണെന്നും അവനും അതിനൊപ്പം സഞ്ചരിച്ചാൽ കൊള്ളാമെന്നും.
തട്ടത്തിൻ മറയത്ത് നന്നായി പോകുകയാണെങ്കിൽ അടുത്ത സിനിമ നോബിളുമായി ചേർന്ന് നിർമിക്കാമെന്നൊരു ധാരണയുണ്ടായി. തട്ടത്തിൻ മറയത്ത് വലിയ വിജയമായശേഷം അടുത്തൊരു സിനിമയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി, അപ്പോഴാണ് സുഹൃത്തിന് വേണ്ടി ഒരു സിനിമ ചെയ്യാമോയെന്ന് അച്ഛൻ ചോദിക്കുന്നത്,’ വിനീത് ശ്രീനിവാസൻ പറയുന്നു.
സാധാരണ നിലയിൽ അച്ഛൻ അങ്ങനെയൊന്നും തന്നോട് ചോദിക്കാറില്ലെന്നും അതുകൊണ്ട് താൻ സമ്മതിച്ചുവെന്നും വിനീത് പറയുന്നു. തിരയ്ക്ക് ശേഷമുള്ള സിനിമയിൽ താനും നോബിളും ഒന്നിച്ചുവെന്നും ജേക്കബിന്റെ സ്വർഗരാജ്യം നോബിളാണ് നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയത്തിലും നോബിൾ കോ പ്രൊഡ്യൂസറായി വിശാഖിനൊപ്പം ചേർന്നു. ഹെലൻ സിനിമ താനും നോബിളും കൂടിയാണ് നിർമിച്ചത്. വിശാഖാണ് ചിത്രം വിതരണം ചെയ്തത്. തങ്ങൾക്കിടയിലെ സൗഹ്യദം തന്നെയാണ് ഞങ്ങളുടെ സിനിമയെന്നും വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Vineeth Sreenivasan Talking about Sreenivasan and Friendship