| Friday, 26th September 2025, 9:57 am

എന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് തിര വര്‍ക്കായില്ല; നല്ല അഭിപ്രായം പലതും കേട്ടിട്ടും തിയേറ്ററില്‍ ആളില്ലായിരുന്നു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിര എന്ന ചിത്രത്തിന്റെ ഒരോ ഫീഡ് ബാക്കും ഇന്നും തന്റെ ഓര്‍മയിലുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. ഒരോ ആളുകളും പറഞ്ഞ റിവ്യൂ എനിക്ക് വ്യക്തമായി ഓര്‍മയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിനീത്.

തിര കണ്ടിട്ട് ആദ്യം എന്നെ വിളിച്ചത് നോബിളാണ്. ‘പടം എനിക്ക് വര്‍ക്കായില്ല. ഇമോഷന്‍ ഫീല്‍ ചെയ്യുന്നില്ല’ എന്നാണ് നോബിള്‍ പറഞ്ഞത്. അതായിരുന്നു സിനിമയെ പറ്റി എനിക്ക് കിട്ടിയ ആദ്യത്തെ പ്രതികരണം. അടുത്ത ദിവസം ജൂഡ് ആന്റണി വിളിച്ച് പറഞ്ഞു, ഫസ്റ്റ് ഹാഫ് തീ ആയിരുന്നു, ത്രില്ലിങ്ങോടെയാണ് കണ്ടുകൊണ്ടിരുന്നത്. പക്ഷേ സെക്കന്‍ഡ് ഹാഫിന് എന്ത് പറ്റി എന്ന് ചോദിച്ചു. അങ്ങനെയായിരുന്നു ജൂഡിന്റെ പ്രതികരണം. അതും കൈയ്യില്‍ നിന്ന് പോയല്ലോ എന്ന് ഞാന്‍ വിചാരിച്ചു.

എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊന്നും തിര അന്ന് തിയേറ്ററില്‍ വര്‍ക്കായില്ല. പക്ഷേ ഓണ്‍ലൈന്‍ എടുത്തു നോക്കുമ്പോള്‍ നമ്മളുമായിട്ട് ഒരു ബന്ധവുമില്ലാത്ത ആളുകളൊക്കെ സിനിമയെ പറ്റി ഭയങ്കര അഭിപ്രായം പറയുന്നുണ്ട്. പക്ഷേ തിയേറ്ററില്‍ ആളില്ല. നല്ല അഭിപ്രായം പറയുന്ന ആളുകളൊക്കെ എവിടുന്നാണ് ഇത് കണ്ടതെന്നും അറിയില്ല.

തിരക്ക് രണ്ട് ഓഡിയന്‍സാണ് ഉണ്ടായിരുന്നുവെന്നും അത് ഇഷ്ടപ്പെട്ട ആളുകളുമുണ്ടായിരുന്നു. ഇഷ്ടപ്പെടാത്ത ആളുകളുമുണ്ടായിരുന്നുവെന്നും എന്നാല്‍ കൂടുതലും സിനിമ കാണാത്ത ആളുകളായിരുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര 2013ലാണ് തിയേറ്ററുകളില്‍ എത്തിയത്. ശോഭന, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാകേഷ് മാന്തോടിയാണ്.

Content highlight: Vineeth Sreenivasan says he remembers every bit of feedback from the film Thira 

We use cookies to give you the best possible experience. Learn more