| Saturday, 29th August 2026, 12:14 pm

നമ്മളെ സഹായിച്ചവരോട് നമുക്ക് കടപ്പാട് ഉണ്ടാകണം, പക്ഷേ നമ്മള്‍ ആരില്‍ നിന്നും കടപ്പാട് പ്രതീക്ഷിക്കരുത്: വിനീത് ശ്രീനിവാസന്റെ പഴയ അഭിമുഖം വൈറല്‍

അമര്‍നാഥ് എം.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തിന് പിന്നാലെ ഗിരീഷ് എ.ഡി നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. പ്രേമലുവിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഗിരീഷ് നല്‍കിയ മറുപടി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. കൂടെയുള്ളവര്‍ ഓവര്‍ അമ്പീഷ്യസായതിനാലാണ് പ്രേമലു 2 ഉപേക്ഷിക്കേണ്ടി വന്നതെന്നായിരുന്നു ഗിരീഷ് എ.ഡി പറഞ്ഞത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നസ്‌ലെനെയാണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്ന തരത്തില്‍ റൂമറുകള്‍ പരന്നു. നസ്‌ലെനെ സ്റ്റാറാക്കിയ ഗിരീഷ് എ.ഡിയോട് നന്ദികേട് കാണിച്ചെന്നൊക്കെയാണ് വിമര്‍ശനങ്ങള്‍. നസ്‌ലെനെ പിന്തുണച്ചുകൊണ്ടും ധാരാളമാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ വിനീത് ശ്രീനിവാസന്റെ പഴയൊരു അഭിമുഖത്തിലെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന കടപ്പാട് സമ്പ്രദായത്തെക്കുറിച്ചാണ് വിനീത് സംസാരിച്ചത്. നമ്മളെ കൈപിടിച്ച് കൊണ്ടുവന്നവരോട് കടപ്പാട് വേണമെന്ന് പറയുന്ന ഭാഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അത് നമ്മുടെ കടമയാണെന്നും തീര്‍ച്ചയായും വേണ്ട ക്വാളിറ്റിയാണെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

‘ഞാന്‍ എപ്പോഴും വിചാരിക്കുന്നത്, നമ്മളെ സഹായിച്ചവരോട് നമുക്ക് എപ്പോഴും കടപ്പാടുണ്ടായിരിക്കണം. പക്ഷേ, നമ്മളൊരിക്കലും കടപ്പാട് പ്രതീക്ഷിക്കരുത്. അത് നമുക്ക് തന്നെ ഭാരമാണ്. നമ്മുടെ ഏറ്റവും വലിയ ബിറ്റര്‍നെസ്സിലേക്ക് അത് പോകും. അതായത്, നമ്മളിലൂടെ സിനിമയിലേക്ക് വന്ന ആള് നമ്മളെ കണ്‍സിഡര്‍ ചെയ്യണമെന്ന് ആലോചിച്ചുകഴിഞ്ഞാല്‍ എല്ലാ സ്‌റ്റേജിലും ആളുകള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല.

എല്ലാവരും മനുഷ്യന്മാരാണ്. എല്ലാവര്‍ക്കും അവരവരുടേതായ യാത്രകളുണ്ട്. അപ്പോള്‍ നമുക്ക് അനുസരിച്ച് തന്നെ എല്ലാകാലത്തും ആളുകള്‍ ആലോചിക്കണമെന്നത് മണ്ടന്‍ ചിന്തയാണ്. അത് നമ്മളെ ഒരു ബിറ്റര്‍നെസ്സിലേക്ക് കൊണ്ടുപോകും,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു. വിനീതിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ പല സിനിമാപേജുകളിലെയും ചര്‍ച്ച.

നിവിന്‍ പോളിയടക്കം പലരെയും സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് വിനീതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മറ്റുള്ളവര്‍ മാതൃകയാക്കണമെന്നും പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന പോസ്റ്റുകളില്‍ പറയുന്നു. ഗിരീഷ് എ.ഡി- നസ്‌ലെന്‍ പ്രശ്‌നത്തില്‍ പലരും ഈ വാക്കുകളാണ് ഉയര്‍ത്തിക്കാണിക്കുന്നത്.

എന്നാല്‍ ഗിരീഷ് എ.ഡി ഉദ്ദേശിച്ചത് നസ്‌ലെനെ ആകാന്‍ സാധ്യതയില്ലെന്നും ആവശ്യമില്ലാതെ ഇത്തരം റൂമറുകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായം പങ്കുവക്കുന്നു. ഇന്ന് പുറത്തുവന്ന അഭിമുഖത്തിലും പ്രേമലു 2 ഡ്രോപ്പായതിന്റെ യഥാര്‍ത്ഥ കാരണം ഗിരീഷ് എ.ഡി വ്യക്തമായിട്ടില്ല.

Content Highlight: Vineeth Sreenivasan’s old interview viral after Gireesh AD and Naslen issue

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more