| Wednesday, 1st October 2025, 4:49 pm

വിനീതെന്ന ബ്രാന്‍ഡും വീണു, ഒരാഴ്ച പിന്നിട്ടിട്ടും ഒന്നരക്കോടി പോലും നേടാനാകാതെ കരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം പേര് കൊണ്ട് ഇന്‍ഡസ്ട്രിയില്‍ ബ്രാന്‍ഡായി മാറിയ സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. തന്റെ പേര് കണ്ട് ടിക്കറ്റെടുക്കുന്ന പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരണ്ടിയുള്ള സിനിമകള്‍ സമ്മാനിച്ചാണ് വിനീത് ബ്രാന്‍ഡായി മാറിയത്. ഒരേ തരത്തില്‍ ഫീല്‍ ഗുഡ് സിനിമകളെടുത്ത വിനീത് അടുത്തിടെ ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരുന്നു.

ക്രിഞ്ച്, ചെന്നൈ പാസം എന്നീ ട്രോളുകളില്‍ നിന്ന് വഴിമാറി നടക്കാനുള്ള വിനീതിന്റെ ശ്രമമായിരുന്നു കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ കരം. നോബിള്‍ ബാബു തോമസ് നായകനായെത്തിയ കരം ആദ്യദിനം തന്നെ നെഗറ്റീവ് അഭിപ്രായങ്ങളായിരുന്നു സ്വന്തമാക്കിയത്. വന്‍ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഒട്ടും ഉയരാതെ പോവുകയാണ്.

റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോഴും ചിത്രം ആകെ നേടിയത് 1.2 കോടി മാത്രമാണ്. 25 കോടി ബജറ്റിലൊരുങ്ങിയ ചിത്രം അടുത്തിടെ ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ പരാജയത്തിലേക്കാണ് കുതിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ ആദ്യത്തെ ഡിസാസ്റ്ററായി കരം മാറുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്.

പൂര്‍ണമായും കേരളത്തിന് പുറത്ത് ഷൂട്ട് ചെയ്തതാണ് ചിത്രത്തിന്റെ ബജറ്റ് ഉയരാന്‍ കാരണം. എന്നാല്‍ ഇത്രയുമുയര്‍ന്ന ബജറ്റിനനുസരിച്ച് ശക്തമായ തിരക്കഥയില്ലാത്തതാണ് കരത്തിന് തിരിച്ചടിയായത്. നായകനായ നോബിള്‍ ബാബു തോമസിന്റെ നിര്‍വികാര പ്രകടനവും ചിത്രത്തെ പിന്നോട്ടടിച്ചു. വിനീത് ശ്രീനിവാസന്‍ എന്ന ബ്രാന്‍ഡിനെ വിശ്വസിച്ച് ടിക്കറ്റെടുത്ത പ്രേക്ഷകര്‍ നിരാശരാവുകയായിരുന്നു.

മലര്‍വാടി ആര്‍ട്‌സ് ക്ലബ് മുതല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വരെ ചെയ്ത ആറ് സിനിമകളും സാമ്പത്തികമായി സേഫാക്കിയ വിനീതിന് ഏഴാമത്തെ വരവ് പിഴക്കുകയായിരുന്നു. ധ്യാനിനെ നായകനാക്കി ഒരുക്കിയ തിര പോലും ശരാശരി വിജയം നേടിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ ഏറ്റവും ബജറ്റിലൊരുക്കിയ ചിത്രം ഏറ്റവും വലിയ പരാജയമായിരിക്കുകയാണ്.

കരം പ്രതീക്ഷക്കൊത്ത് ഉയരാത്തതിന് പിന്നാലെ സ്ഥിരം ട്രാക്ക് തന്നെ മതിയെന്ന് വിനീത് ശ്രീനിവാസനോട് പറയേണ്ട ഗതികേടിലാണ് സോഷ്യല്‍ മീഡിയ. കണ്ടുമടുത്ത കഥയെ മേക്കിങ് കൊണ്ട് ഉയര്‍ത്തുന്ന വിനീത് മാജിക്കിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അടുത്ത ചിത്രത്തിലൂടെ വിനീത് എന്ന സംവിധായകന്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Vineeth Sreenivasan’s Karam movie became all time disaster in Malayalam industry

We use cookies to give you the best possible experience. Learn more