ഇന്നലെയായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കരത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. ഗംഭീര മേക്കിങ് കൊണ്ട് ഏവരെയും അമ്പരിപ്പിച്ച ട്രെയ്‌ലറിൽ കണ്ടത് വിനീതിന്റെ ചുവടുമാറ്റമായിരുന്നു. നോബിൾ ബാബു തോമസ് നായകനായ കരത്തിന്റെ ട്രെയിലറിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണ് പോയത് സെക്കൻഡുകൾക്കുള്ളിൽ മിന്നിമറയുന്ന ഒരു മുഖത്തിലേക്കാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചായ ഇവാൻ വുകോമനോവിച്ച് ആണോ അതെന്ന് പിന്നാലെ ചർച്ചകൾ സജീവമായിരുന്നു. മഞ്ഞപ്പടയുടെ സ്വന്തം ആശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും അദ്ദേഹത്തോടുള്ള സ്നേഹത്തിലും ആരാധനയിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ പിന്നോട്ട് പോയിട്ടില്ല.
ഇപ്പോഴിതാ കണ്ടത് നമ്മുടെ ആശാനേ തന്നെയാണ് പറയുകയാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ. ‘നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എന്റെ ലൈഫിൽ കണ്ടതിൽവെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ. ആശാന്റെ കൂടെ പ്രവർത്തിക്കാൻ കഴിയുന്നത് ഒരുതരത്തിൽ ഒരു ബഹുമതിയാണ്. ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെ ഇവാൻ വുകോമനോവിച്ചിന്റെ ക്യാരക്റ്റർ പോസ്റ്ററും വിനീത് പങ്കുവെച്ചിട്ടുണ്ട്.
ആൻഡ്രെ നിക്കോള എന്നാണ് ആശാന്റെ ചിത്രത്തിലെ പേര്. ഫുട്‌ബോൾ മൈതാനത്തിൽ നിന്നും വെള്ളിത്തിരയിലേക്കുള്ള ആശാന്റെ ചുവടുവെപ്പ് പാളിപോകില്ലെന്ന് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതേസമയം ചെന്നൈ പാസമെന്നും ക്രിഞ്ച് എന്നും പൈങ്കിളിയെന്നും പറഞ്ഞ് വിനീത് ശ്രീനിവാസന്റെ സിനിമകളെ ട്രോളുന്നവർക്കുള്ള വിനീതിന്റെ കിടിലൻ മറുപടിയാണ് കരമെന്നാണ് സോഷ്യൻ മീഡിയ ഒന്നടങ്കം പറയുന്നത്. ഏഴാമത്തെ ചിത്രമാണെങ്കിലും ‘തിര’യുടെ സംവിധായകൻ എന്ന ലേബലിലാണ് വിനീത് തന്നെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരിടവേളക്ക് ശേഷം ഷാൻ റഹ്‌മാനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രമാണ് കരം. ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ബോക്‌സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം വിനീതും വിശാഖ് സുബ്രഹ്‌മണ്യനും ചേർന്നാണ് കരത്തിന്റെ നിർമാണം. സെപ്റ്റംബർ 25 ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vineeth Sreenivasan confirms that it is Ivan Vukomanovic seen in the trailer of Karam