| Thursday, 2nd July 2026, 12:21 pm

'ശമ്പളം ചോദിച്ചിട്ട് 12 വര്‍ഷമായി; വലിയ പ്രതിഫലം തന്നത് അദ്ദേഹം': വിനീത് ശ്രീനിവാസന്‍

അക്ഷര

തന്റെ പ്രതിഫലത്തെക്കുറിച്ചും നിര്‍മാതാക്കളുമായുള്ള സൗഹൃദത്തെക്കുറിച്ചും മനസ് തുറന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. താന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ക്ക് ശമ്പളം ചോദിച്ചിട്ട് ഇപ്പോള്‍ 12 വര്‍ഷമായെന്നും, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ അര്‍ഹിക്കുന്നതിലും മികച്ച പ്രതിഫലമാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നും വിനീത് പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘തിര’ എന്ന സിനിമയുടെ സമയത്താണ് താന്‍ അവസാനമായി ശമ്പളത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അതിനുശേഷം ഇന്നുവരെ തന്റെ ഒരു നിര്‍മാതാക്കളുമായും പ്രതിഫലത്തെക്കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ലെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു.

ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയുടെ വിജയത്തിന് ശേഷം നിര്‍മാതാവ് വിനോദ് ഷൊര്‍ണൂര്‍ വീട്ടില്‍ വന്ന് വലിയൊരു തുക ലാഭവിഹിതമായി തന്ന കാര്യവും വിനീത് പങ്കുവെച്ചു.

‘വടക്കന്‍ സെല്‍ഫി ഞാന്‍ എഴുതുകയും അഭിനയിക്കുകയും ചെയ്ത ചിത്രമാണ്. സിനിമ വലിയ വിജയമായപ്പോള്‍ അതിന്റെ നിര്‍മാതാവ് വിനോദേട്ടന്‍ എന്റെ വീട്ടില്‍ വന്നു. സിനിമയില്‍ നിന്ന് കിട്ടിയ ഒരു ലാഭവിഹിതം എനിക്ക് തരാന്‍ തീരുമാനിച്ചതായി പറഞ്ഞു. ആദ്യം എനിക്കത് സ്വീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നി. കാരണം ഒരു ശമ്പളക്കാരന്‍ എന്ന രീതിയിലാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എനിക്ക് ആദ്യമായി അത്രയും വലിയൊരു പ്രതിഫലം തരുന്നതും വിനോദേട്ടനാണ്,’ വിനീത് പറഞ്ഞു.

വടക്കന്‍ സെല്‍ഫിക്ക് ശേഷം വിനീത് ചെയ്ത സിനിമകളെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ് നിര്‍മിച്ചത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ നോബിളും, സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നിവ വിശാഖ് സുബ്രഹ്മണ്യവുമാണ് നിര്‍മിച്ചത്.

‘ഞാന്‍ ഇവരോടാരോടും പ്രതിഫലം ചോദിച്ചിട്ടില്ല. പക്ഷേ അവരൊക്കെ എനിക്ക് നല്ല പൈസ തന്നിട്ടുണ്ട്. അങ്ങനെ ഞാന്‍ അധ്വാനിച്ച് സമ്പാദിച്ച തുക മുഴുവന്‍ ഇന്‍വെസ്റ്റ് ചെയ്താണ് ‘കരം’ എന്ന സിനിമ ചെയ്തത്,’ വിനീത് വ്യക്തമാക്കി.

ലളിതമായ ജീവിതശൈലിയാണ് തന്റേതെന്നും ആഡംബരങ്ങളോട് താല്പര്യമില്ലാത്തതാണ് സിനിമകളില്‍ ധൈര്യമായി പണം മുടക്കാന്‍ തന്നെ സഹായിക്കുന്നതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

ഭയങ്കരമായ ‘ഹൈ കോസ്റ്റ് ഓഫ് ലിവിങ്’ ഉള്ള ആളോ, അടിക്കടി വണ്ടി മാറ്റുന്ന സ്വഭാവക്കാരനോ അല്ല താന്‍. അതുകൊണ്ട് തന്നെ സമ്പാദിക്കുന്ന പണം സിനിമകളില്‍ ഇന്‍വെസ്റ്റ് ചെയ്യാനാണ് തനിക്ക് കൂടുതല്‍ താല്പര്യമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Content Highlight: Vineeth Sreenivasan about his remmunaration

അക്ഷര

We use cookies to give you the best possible experience. Learn more