| Friday, 8th August 2025, 3:58 pm

ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനായി: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് വിനീത് കുമാര്‍. ബാലതാരമായി തന്റെ സിനിമാ കരിയര്‍ ആരംഭിച്ച അദ്ദേഹം കരിയറിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും വിനീത് കരസ്ഥമാക്കിയിരുന്നു. അഭിനയത്തിന് പുറമെ സംവിധാനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിച്ചിട്ടുണ്ട്.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പണ്ട് ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ അസ്വസ്ഥനായിരുന്നുവെന്ന് വിനീത് പറയുന്നു.

‘അസ്വസ്ഥനാകാന്‍ പല കാരണങ്ങളുണ്ട്. ഒരു സംവിധായകന്‍ വന്ന് കഥ പറയുമ്പോള്‍ നമ്മുടെ ഭാവനയില്‍ ഒരു സിനിമ കാണും. അതിനൊരു പശ്ചാത്തലവും കഥാപാത്രത്തിനൊരു രൂപവും കാണും. എന്നാല്‍ അഭിനയിക്കാന്‍ സെറ്റിലെത്തുമ്പോള്‍ അതൊന്നും അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകും എന്നാല്‍ ഞാന്‍ അടുത്തിടെ ചെയ്ത വേഗം, സൈമണ്‍ ഡാനിയേല്‍, ചാപ്‌റ്റേഴ്‌സ്, റൈഫിള്‍ ക്ലബ്ബ് എന്നീ ചിത്രങ്ങളെല്ലാം ഏറെ ആസ്വദിച്ച് ചെയ്തവയായിരുന്നു,’ വിനീത് കുമാര്‍ പറയുന്നു.

സംവിധാനം ചെയ്ത ചിത്രങ്ങളെയെല്ലാം നൂറുശതമാനം അര്‍പ്പണമനോഭാവത്തോടെയാണ് താന്‍ സമീപിച്ചതെന്നും അത് തന്നെ ഒരിക്കലും മടുപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആ ഗണത്തില്‍ ഏറെ ആസ്വദിച്ച് ചെയ്തതും അല്ലാത്തവയും ഉണ്ടായിട്ടുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

നടന്‍ സംവിധായകനാകുമ്പോള്‍, അഭിനയത്തില്‍ അവസരം കുറയുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. അതെല്ലാം പഴയ അന്ധവിശ്വാസങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്.

‘ഇന്ന് സംവിധായകന്‍ നടനാകുകയും നടന്‍ സംവിധായകനാകുകയും സംവിധായകന്‍ ക്യാമറാമാനാകുകയും ചെയ്ത് വിസ്മയിപ്പിക്കുന്ന കാലമാണ്. ഒരു പ്രത്യേകഗണത്തില്‍ ഇവിടെ ആരെയും തളച്ചിടാന്‍കഴിയില്ല. വളരെ സൗ ഹാര്‍ദപരമായ കൂട്ടായ്മയിലാണ് ഇപ്പോള്‍ സിനിമ നടക്കുന്നത്. ഞാന്‍ സംവിധായകനായി ഒരുങ്ങിയകാലത്ത് അഭിനയിക്കാന്‍ നല്ല അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, അന്ന് എനിക്കത് മാനേജ് ചെയ്യാന്‍ കഴി ഞ്ഞില്ല,’വിനീത് പറഞ്ഞു.

Content highlight: Vineeth says that he was nervous when acting in some films in the past

We use cookies to give you the best possible experience. Learn more