| Tuesday, 23rd September 2025, 1:20 pm

'വെട്രിമാരന്‍ പ്രൊഡക്ഷന്‍ പൂട്ടി, അനുരാഗ് കശ്യപിന് സിനിമ ചെയ്യാന്‍ പറ്റുന്നില്ല,'സോഷ്യോ പൊളിറ്റിക്കല്‍ പടങ്ങള്‍ ഇനി പറ്റില്ലെന്ന് വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകനായി സിനിമയിലേക്കെത്തി പിന്നീട് നടനായും സംവിധായകനായും പ്രേക്ഷകരെ വിസ്മയിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്‍. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ നായകനായ വിനീത് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സംവിധാനത്തിലേക്കും ചുവടുവെച്ചു. വിനീതിന്റെ അടുത്ത ചിത്രം കരമാണ്.

ഹെലന്‍, ഹൃദയം, ഫിലിപ്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നോബിള്‍ തോമസാണ് വിനീതിന്റെ പുതിയ നായകന്‍.
സ്ഥിരം സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ ഴോണറിലാകും പുതിയ ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനിടെ അച്ഛന്റെ (ശ്രീനിവാസന്‍) സോഷ്യോ പൊളിറ്റിക്കല്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ച വിനീത് ഇനിയുള്ള കാലത്ത് സോഷ്യോ പൊളിറ്റിക്കല്‍ പടം ചെയ്യാന്‍ പറ്റില്ലെന്ന് പറയുന്നു.

അത്തരം സിനിമകളെപ്പറ്റി താന്‍ സീരിയസ് ആയിട്ട് ആലോചിച്ചിട്ടില്ലെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇനിയുള്ള കാലത്ത് സോഷ്യോ പൊളിറ്റിക്കല്‍ പടങ്ങള്‍ ചെയ്യാന്‍ പറ്റില്ല. സോഷ്യോ പൊളിറ്റിക്കലൊന്നും ചിന്തിക്കുകയും വേണ്ട. നമുക്ക് ഇറക്കാന്‍ പറ്റില്ല. വെട്രിമാരന്‍ പ്രൊഡക്ഷന്‍ കമ്പനി പൂട്ടി. ഇവിടെ അദ്ദേഹം വിചാരിക്കുന്നത് ചെയ്യാന്‍ പറ്റില്ല. അനുരാഗ് കശ്യപിന് ഹിന്ദിയില്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ പറ്റുന്നില്ല. നമുക്ക് എവിടെയും തൊടാത്ത സിനിമകളൊക്കെയെ പറ്റത്തുള്ളു. അതാണ് റിയാലിറ്റി. അല്ലെങ്കില്‍ നമുക്ക് ആ ഫ്രീഡം തരണം,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

താന്‍ അത്തരം സിനിമകള്‍ സീരിയസ് ആയിട്ട് ആലോചിച്ചിട്ടില്ലെന്നും പൊളിറ്റിക്കല്‍ ഹിസ്റ്ററിയില്‍ തനിക്ക് ഇഷ്ടമുള്ളവരെ കഥാപാത്രങ്ങളാക്കി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അതുപോലും ഇനി ചെയ്യാന്‍ പറ്റില്ലെന്നും അതില്‍ തനിക്ക് നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കിഷ്ടമുള്ള ഒരുപാട് രീതിയിലുള്ള സിനിമകളുണ്ടെന്നും അതില്‍ സോഷ്യോ പൊളിറ്റിക്കല്‍ ചിത്രങ്ങള്‍ ഒഴിവാകുമെന്നേയുള്ളുവെന്നും പറഞ്ഞ വിനീത്, അത്തരം സിനിമകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹമുള്ള ഫിലിം മേക്കേഴ്സിന്റെ അവസ്ഥ ആലോചിച്ച് നോക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.

Content Highlight: Vineeth says socio-political films are no longer acceptable

We use cookies to give you the best possible experience. Learn more