ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നഖക്ഷതങ്ങള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടനാണ് വിനീത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമായ താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇന്നും സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന താരം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ എക്കോയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചു. തന്റെ നീണ്ട 40വര്‍ഷത്തെ കരിയറില്‍ ഒരുപാട് സിനിമകള്‍ നഷ്ടപ്പെട്ട് പോയതിനെ കുറിച്ച് വിനീത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ ചില സിനിമകള്‍ ചെയ്യാന്‍ പറ്റിയില്ലെന്ന നിരാശയൊന്നും തനിക്ക് ഇല്ലെന്ന് വിനീത് പറയുന്നു.
‘ മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് എനിക്ക് ആദ്യം അവസരം വന്നു. അത് എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ, ചന്ദ്രമുഖിയിലും ബൂല്‍ബുലായിലും അവസരം ലഭിച്ചു. തീര്‍ച്ചയായും മണിച്ചിത്രത്താഴ് പോലെ ഒരു ക്ലാസിക്ക് സിനിമയുടെ ഭാഗമാകുക വലിയ കാര്യമാണ്. പക്ഷേ അത് മറ്റ് പല കാരണങ്ങളാലാണ് ചെയ്യാന്‍ പറ്റാത്തതാണ്. അവര്‍ ഒരുപാട് ഓപ്ഷനിലൂടെ കടന്ന് പോയിട്ടാണ് നമ്മളിലേക്ക് എത്തുന്നത്.
പിന്നെ അന്ന് കൗമാരക്കാരായ കഥാപാത്രങ്ങളെ ചെയ്യാന്‍ രണ്ടോ മൂന്നോ നടന്മാരേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് പലപ്പോഴും പല കഥപാത്രങ്ങളിലേയ്ക്കും എനിക്ക് വിളി വന്നിരുന്നത്. ഫാസില്‍ സാര്‍ എന്നെ പരിഗണിച്ചുവെന്ന് പറഞ്ഞാല്‍ അത് എനിക്ക് വലിയൊരു അംഗീകാരമാണ്. പക്ഷേ ഫാസില്‍ സാറിന് അതൊന്നും ഓര്‍മയുണ്ടാകണമെന്നില്ല. അദ്ദേഹം വേറെ 150 ആളുകളെ കണ്‍സിഡര്‍ ചെയ്തിട്ടുണ്ടാകും,’ വിനീത് പറയുന്നു.
സര്‍ഗം എന്ന സിനിമയില്‍ അവസാന നിമിഷത്തിലാണ് തന്നെ വിളിക്കുന്നതെന്നും അവര്‍ ഒരിക്കലും ഏത് പുതുമുഖത്തിനെയാണ് താന്‍ ആദ്യം കാസ്റ്റ് ചെയ്യാനിരുന്നതെന്ന് ഒരിക്കലും ഓര്‍ക്കുകയില്ലെന്നും നടന്‍ പറഞ്ഞു. മണിച്ചിത്രത്താഴ്, വൈശാലി, അനിയത്തിപ്രാവ്, സല്ലാപം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ നഷ്ടമായതില്‍ നിരാശയില്ലെന്നും താന്‍ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ ആ വേഷങ്ങള്‍ ഇത്ര ശ്രദ്ധിക്കപ്പെടില്ലായിരുന്നുവെന്നും നടന്‍ പറഞ്ഞു.
അതേസമയം വിനീത് പ്രധാനവേഷത്തിലെത്തിയ റോസ്ലിന്‍ എന്ന വെബ്‌സീരിസ് മികച്ച പ്രതികരണങ്ങള്‍ നേടി ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുകയാണ്. റോസ്ലിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് സീരിസിന്റെ ഇതിവൃത്തം. സുമേഷ് നന്ദകുമാറാണ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്.
Content Highlight: Vineeth says he is not disappointed that he was unable to do some films